ഹൈദരാബാദ് - ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ടീമിന് ഇരട്ടപ്രഹരം. പരിക്കേറ്റ രവീന്ദ്ര ജദേജയും കെ.എല്‍ രാഹുലും രണ്ടാം ടെസ്റ്റില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി നേരത്തെ പിന്മാറിയിരുന്നു. മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാന്‍, ഇടങ്കൈയന്‍ സ്പിന്നര്‍ സൗരഭ്കുമാര്‍, ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരെ പകരം ടീമിലെടുത്തു. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റ് ആരംഭിക്കും. അഞ്ചു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ആദ്യ ടെസ്റ്റിന്റെ നാലാം ദിനം പ്രയാസകരമായ സിംഗിളിന് ഓടവെ ജദേജക്ക് പേശിവലിവ് അനുഭവപ്പെടുകയായിരുന്നു. കെ.എല്‍ രാഹുലിന് വലതു തുടയില്‍ വേദനയുണ്ട്.
ഏറെക്കാലമായി ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കലാണ് സര്‍ഫറാസ്. രഞ്ജി ട്രോഫിയില്‍ കൂടുതല്‍ റണ്‍സെടുത്ത കളിക്കാരനായിട്ടും അവഗണിക്കപ്പെട്ടത് വിവാദമായിരുന്നു. ഇന്ത്യ ലയണ്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യ എ-ക്കു വേണ്ടി സെഞ്ചുറി നേടിയാണ് സര്‍ഫറാസ് സീനിയര്‍ ടീമില്‍ സ്ഥാനം പിടിച്ചത്. 160 പന്തില്‍ 161 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 45 കളികളില്‍ 14 സെഞ്ചുറിയടിച്ചിട്ടുണ്ട്, എഴുപതിനടുത്താണ് ബാറ്റിംഗ് ശരാശരി.
ഉത്തര്‍പ്രദേശിന്റെ ഇടങ്കൈയന്‍ സ്പിന്നറായ സൗരഭ് 2022 ഡിസംബറിലെ ബംഗ്ലാദേശ് പര്യടനത്തില്‍ ടീമിലുണ്ടായിരുന്നു. എങ്കിലും പ്ലേയിംഗ് ഇലവനിലെത്തിയില്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ-യുടെ വിജയത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റെടുത്തിരുന്നു.
വിശാഖപട്ടണം ടെസ്റ്റില്‍ രാഹുലിന് പകരം രജത് പട്ടിധാര്‍ പ്ലേയിംഗ് ഇലവനിലെത്തിയേക്കും. എന്നാല്‍ ജദേജക്ക് പകരക്കാരനെ കണ്ടെത്താന്‍ പ്രയാസപ്പെടും. ജദേജ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായിരുന്നു. മത്സരത്തില്‍ അഞ്ച് വിക്കറ്റുമെടുത്തു. 2016 മുതല്‍ നാല്‍പതിനു മുകളില്‍ ബാറ്റിംഗ് ശരാശരിയും ഇരുപത്തഞ്ചിനു താഴെ ബൗളിംഗ് ശരാശരിയുമുള്ള ഓള്‍റൗണ്ടറാണ് ജദേജ. അല്‍പമെങ്കിലും ജദേജയോട് കിടപിടിക്കാവുന്ന ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറാണ്. എന്നാല്‍ ജദേജയെ പോലെ ബൗളിംഗ് ഭാരം ഏറ്റെടുക്കാനോ വിക്കറ്റുകള്‍ നേടാനോ കഴിയുമോയെന്ന് കണ്ടറിയണം. അതിനാല്‍ കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്താനാണ് സാധ്യത.