Sorry, you need to enable JavaScript to visit this website.

ഡെലിവറി മേഖലയിലെ സൗദിവൽക്കരണം ദോഷം ചെയ്യും, എല്ലാ മേഖലകളും സ്വദേശികൾക്ക് മാത്രമാക്കാനാകില്ല

ജിദ്ദ - ഡെലിവറി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്ന് സൗദി എഴുത്തുകാരൻ വാഇൽ മഹ്ദി പറഞ്ഞു. സൗദികളെ ജോലിക്കു വെക്കാൻ ഡെലിവറി കമ്പനികളെ നിർബന്ധിക്കാനും ഡെലിവറി മേഖലയിൽ വിദേശികളെ ലൈറ്റ് ട്രാൻസ്‌പോർട്ട് കമ്പനികൾ മുഖേന ജോലി ചെയ്യാൻ നിർബന്ധിക്കാനുമുള്ള ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഡെലിവറി മേഖല സൗദികളെ ആകർഷിക്കുന്ന തൊഴിൽ മേഖലയല്ലെന്ന് മലയാളം ന്യൂസ് പ്രസാധകരായ എസ്.ആർ.എം.ജിയുടെ കീഴിലുള്ള ശർഖുൽഔസത്ത് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വാഇൽ മഹ്ദി പറഞ്ഞു. 

ഡെലിവറി മേഖല സൗദികളെ ആകർഷിക്കാതിരിക്കാൻ രണ്ടു കാരണങ്ങളുണ്ട്. ഒന്ന് സാമ്പത്തികമാണ്. ഡെലിവറി നിരക്ക് നിസ്സാരമാണ്. രണ്ടാമത്തെ കാരണം ലോജിസ്റ്റിക്കലാണ്. തിരക്കേറിയ റോഡുകളിൽ വാഹനമോടിക്കൽ ഡെലിവറി ജോലി ആവശ്യപ്പെടുന്നു. നിരന്തരം ഇങ്ങിനെ വാഹനമോടിക്കുക സൗദികളെ സംബന്ധിച്ചേടത്തോളം ദുഷ്‌കരമാകും. ഓർഡർ കൈമാറാൻ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഉടമയുടെ സമീപത്തേക്ക് പോകേണ്ടിയും വരും. ഇതും സ്വദേശികൾക്ക് പ്രയാസം സൃഷ്ടിക്കും. 
ഇന്ധനത്തിനും മറ്റുമുള്ള ചെലവുകൾ കഴിച്ച് ഡെലിവറി ജീവനക്കാരൻ ആയിരം റിയാൽ സമ്പാദിച്ച് കുടുംബത്തിന്റെ ചെലവുകൾക്ക് സ്വദേശത്തേക്ക് അയക്കാൻ സാധിക്കുന്നത് വിദേശികളെ സംബന്ധിച്ചേടത്തോളം ന്യായമായിരിക്കും. എന്നാൽ കുടുംബം പോറ്റാൻ ഈ തുക സൗദികൾക്ക് മതിയാകില്ല. എല്ലാ മേഖലകളും ജോലികളും സൗദിവൽക്കരിക്കാൻ കഴിയില്ല. ഇത്തരം മേഖലകളിൽ സൗദിവൽക്കരണം നിർബന്ധമാക്കുന്നത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. ഇത് പണപ്പെരുപ്പത്തിനും ഇടയാക്കും. സൗദിവൽക്കരണം നടപ്പാക്കുമ്പോൾ കമ്പനികളുടെ താൽപര്യങ്ങളും ഉപയോക്താക്കൾ വഹിക്കേണ്ടിവരുന്ന ചെലവും കൂടി പരിഗണിക്കണം. സ്വദേശികളും വിദേശികളും ഒരുപോലെ ജീവിക്കുന്ന ഒരു സാമ്പത്തിക സംവിധാനത്തിൽ അധിക വരുമാനമുണ്ടാക്കാൻ വിദേശികളെ അനുവദിക്കാതിരിക്കുന്നത് തൊഴിൽ വിപണിയിൽ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വാഇൽ മഹ്ദി പറഞ്ഞു. 
ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂനിഫോം നിർബന്ധമാക്കൽ അടക്കം ഡെലിവറി മേഖല ക്രമീകരിക്കാൻ ലക്ഷ്യമിട്ട് ഏതാനും തീരുമാനങ്ങൾ കഴിഞ്ഞയാഴ്ച ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ ഒന്നു മുതൽ ഇത് ഘട്ടംഘട്ടമായി നടപ്പാക്കും. പതിനാലു മാസത്തിനുള്ളിൽ ക്രമേണ ലൈറ്റ് ട്രാൻസ്‌പോർട്ട് കമ്പനികൾ വഴി ജോലി ചെയ്യാൻ വിദേശികളെ നിർബന്ധിക്കുമെന്നതാണ് പുതിയ പരിഷ്‌കാരങ്ങളിൽ പ്രധാനം. ഡെലിവറി മേഖലയിൽ ഉപയോഗിക്കുന്ന ലൈറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ പരസ്യങ്ങൾ അനുവദിക്കാനും തീരുമാനമുണ്ട്. ഡെലിവറി സേവനത്തിന് ബൈക്കുകൾ ഉപയോഗിക്കുന്നതിന് ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് വ്യവസ്ഥകൾ നിർണയിക്കും. അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള ഒരു സിസ്റ്റം വഴി തങ്ങളുടെ ഡ്രൈവർമാർക്കായി ഫെയ്‌സ് വെരിഫിക്കേഷൻ ഫീച്ചർ നടപ്പാക്കാൻ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളെ നിർബന്ധിക്കാനും തീരുമാനമുണ്ട്.
ഘട്ടംഘട്ടമായാണ് പുതിയ തീരുമാനങ്ങൾ നടപ്പാക്കുക. ലൈറ്റ് ട്രാൻസ്‌പോർട്ട് കമ്പനികൾ വഴി ഓർഡർ വിതരണത്തിന് വിദേശ ഡ്രൈവർമാരെ നിർബന്ധിക്കുകയാണ് ആദ്യം ചെയ്യുക. ഫ്രീലാൻസ് രീതിയിൽ ഡെലിവറി മേഖലയിൽ തുടർന്നും ജോലി ചെയ്യാൻ സൗദികളെ അനുവദിക്കും. എന്നാൽ ഈ രീതിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് പ്രവിശ്യകൾക്കനുസരിച്ച് വിദേശികളെ പടിപടിയായി വിലക്കാനും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News