ആബിദ്ജാന്‍ - ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്‌ബോളില്‍ വന്‍ അട്ടിമറിയുടെ ഷോക്കില്‍. റെക്കോര്‍ഡ് തവണ ജേതാക്കളായ ഈജിപ്തിനെ ഷൂട്ടൗട്ടില്‍ കോംഗൊ 8-7 ന് തോല്‍പിച്ചു. പ്രി ക്വാര്‍ട്ടര്‍ മത്സരത്തില്‍ എക്‌സ്‌ട്രൈ ടൈം അവസാനിക്കുമ്പോള്‍ 1-1 സമനിലയായിരുന്നു. ഗ്വിനിയുമായി കോംഗൊ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും.
ഗബാസ്‌കി എന്നറിയപ്പെടുന്ന ഈജിപ്ത് ഗോള്‍കീപ്പര്‍ മുഹമ്മദ് അബൂഗബാലിന്റെ ഷോട്ട് ക്രോസ്ബാറിന് തട്ടിത്തെറിച്ചതോടെയാണ് സഡന്‍ഡെത്തില്‍ കോംഗൊക്ക് മുന്‍തൂക്കം ലഭിച്ചത്. കോംഗൊ ഗോളി ലിയണല്‍ എംപസി തുടര്‍ന്നുള്ള കിക്ക് ഗോളാക്കിയതോടെ കോംഗൊ വിജയ നൃത്തം ചവിട്ടി.
ഗബാസ്‌കിയുടെ സെയ്‌വുകള്‍ ഈജിപ്തിനെ ക്വാര്‍്ട്ടറിലെത്തിച്ചുവെന്ന് കരുതിയതായിരുന്നു. എന്നാല്‍ സഡന്‍ഡെത്തില്‍ ഗോളി വില്ലനായി. കേപ് വെര്‍ദെക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്ഥിരം ഗോളി മുഹമ്മദ് അല്‍ഷിനാവിക്ക് പരിക്കേറ്റതിനാലാണ് ഗബാസ്‌കിക്ക് അവസരം കിട്ടിയത്. ഗ്രൂപ്പിലെ മൂന്നു കളിയിലും ഈജിപ്ത് സമനില വഴങ്ങിയിരുന്നു. ഘാനക്കെതിരായ രണ്ടാം മത്സരത്തില്‍ പരിക്കേറ്റ മുഹമ്മദ് സലാഹും പിന്നീട് കളിച്ചില്ല.
മുപ്പത്തേഴാം മിനിറ്റില്‍ പെട്ടെന്നെടുത്ത ത്രോയില്‍ ഈജിപ്ത് പ്രതിരോധം അറച്ചുനിന്നപ്പോഴാണ് കോംഗൊ ലീഡ് നേടിയത്. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളില്‍ മുസ്തഫ മുഹമ്മദിന്റെ പെനാല്‍ട്ടിയിലൂടെ ഈജിപ്ത് തിരിച്ചടിച്ചു. തുടര്‍ച്ചയായ എട്ടാമത്തെ ആഫ്രിക്കന്‍ കപ്പ് മത്സരത്തിലാണ് ഈജിപ്തിന് നിശ്ചിത സമയത്ത് ജയിക്കാന്‍ സാധിക്കാതിരുന്നത്. എക്‌സ്ട്രാ ടൈമില്‍ ഈജിപ്ത് ഡിഫന്റര്‍ മുഹമ്മദ് ഹംദി ചുവപ്പ് കാര്‍ഡ് കണ്ടു.
ഷൂട്ടൗട്ടില്‍ ഈജിപ്തിന്റെ മുഹമ്മദ് എടുത്ത രണ്ടാമത്തെ പെനാല്‍ട്ടി ലക്ഷ്യം തെറ്റി. കോംഗോയുടെ ആര്‍തര്‍ മസുവാകു ഉയര്‍ത്തിയടിച്ചു. അതോടെ സഡന്‍ഡെത്തിലേക്ക് കളി നീങ്ങി.
ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റില്‍ മുഹമ്മദ് ബായൊ നേടിയ ഗോളില്‍ ഗ്വിനി 1-0 ന് ഇക്വിറ്റോറിയല്‍ ഗ്വിനിയെ തോല്‍പിച്ചു. ഇക്വിറ്റോറിയല്‍ ഗ്വിനി ഗ്രൂപ്പ് മത്സരത്തില്‍ ആതിഥേയരായ ഐവറികോസ്റ്റിനെ 4-0 ന് തകര്‍ത്തിരുന്നു. എന്നാല്‍ ഗ്വിനിക്കെതിരെ പത്തു പേരുമായി അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 55ാം മിനിറ്റില്‍ ഫെഡറിക്കൊ ബികോറോയാണ് ചുവപ്പ് കാര്‍ഡ് കണ്ടത്.