റിയാദ് - ലിയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി റിയാദ് സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ റെക്കോര്‍ഡ് തവണ ഏഷ്യന്‍ ചാമ്പ്യന്മാരായ അല്‍ഹിലാലുമായി ഏറ്റുമുട്ടും. റിയാദ് കിംഗ്ഡം അരീനയില്‍ ഇന്ന് രാത്രി ഒമ്പതിനാണ് മത്സരം. പ്രി സീസണ്‍ ട്രയ്‌നിംഗിന്റെ ഭാഗമായാണ് അല്‍ഹിലാലുമായും വ്യാഴാഴ്ച അന്നസ്‌റുമായും ഇന്റര്‍ മയാമി ഏറ്റുമുട്ടുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്റര്‍ മയാമി ആറ് പ്രി സീസണ്‍ മത്സരങ്ങളാണ് കളിച്ചത്. ഒരു മത്സരം പോലും കാണാന്‍ നൂറിലേറെ ആളുകള്‍ ഉണ്ടായിരുന്നില്ല. ഉദ്ഘാടന മത്സരത്തിന് തൊട്ടുമുമ്പുള്ള പ്രദര്‍ശന മത്സരത്തില്‍ അനവസരത്തില്‍ പടക്കം പൊട്ടിച്ച ആരാധകരെ ഗാലറിയില്‍ നിന്ന് പുറത്താക്കിയതായിരുന്നു ഏറ്റവും വലിയ വാര്‍ത്ത.
ലിയണല്‍ മെസ്സി ടീമിലെത്തിയതോടെ ഇന്റര്‍ മയാമി ലോക ഫുട്‌ബോളില്‍ ആവശ്യക്കാരേറെയുള്ള ടീമായി. എല്‍സാല്‍വഡോര്‍ ദേശീയ ടീമുമായാണ് അവര്‍ പ്രി സീസണ്‍ മത്സരം കളിച്ചത്. അതു കഴിഞ്ഞ് സൗദിയില്‍ അല്‍ഹിലാലുമായും അന്നസ്‌റുമായും ഏറ്റുമുട്ടും. അന്നസ്‌റുമായുള്ള കളിയില്‍ മെസ്സിയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും മുഖാമുഖം വരുമെന്നതിനാല്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കും. ലാസ്റ്റ് ഡാന്‍സ് എന്നാണ് ഈ പോരാട്ടം വിശേഷിപ്പിക്കപ്പെടുന്നത്.
സൗദിയിലെ കളികള്‍ കഴിഞ്ഞാല്‍ ഹോങ്കോംഗിലും ജപ്പാനിലുമാണ് പ്രി സീസണ്‍ മത്സരങ്ങള്‍. വലിയ ജനക്കൂട്ടവും വലിയ പണമിടപാടുകളുമുള്‍പ്പെട്ടതാണ് ഈ കളികള്‍.
അവിശ്വസനീയമെന്നാണ് മെസ്സി വരുന്നതു വരെ ഇന്റര്‍ മയാമിയെ നയിച്ച ഡിഫന്റര്‍ ഡിആന്‍ദ്രെ യെദ്‌ലിന്‍ പറയുന്നത്. സൗദി ലീഗില്‍ കളിക്കാനുള്ള അവസരം വേണ്ടെന്നു വെച്ചാണ് മെസ്സി ഇന്റര്‍ മയാമിയില്‍ ചേര്‍ന്നത്. സൗദി ടൂറിസത്തിന്റെ അംബാസഡറാണ് മെസ്സി. അനുമതിയില്ലാതെ സൗദി സന്ദര്‍ശിച്ചതിന് മെസ്സിയെ പി.എസ്.ജി സസ്‌പെന്റ് ചെയ്തിരുന്നു.
മെസ്സി മാത്രമല്ല പിന്നാലെ യോര്‍ദി ആല്‍ബ, സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സ്, ലൂയിസ് സോറസ് തുടങ്ങിയ പഴയ ബാഴ്‌സലോണ കളിക്കാരും ഇന്റര്‍ മയാമിയിലെത്തി.
ഇന്റര്‍ മയാമി കഴിഞ്ഞ വര്‍ഷം പ്രി സീസണ്‍ കളിച്ചത് യൂനിവേഴ്‌സിറ്റി ടീമുകള്‍ക്കൊക്കെ എതിരെയാണ്. അവരുടെ ഇന്‍സ്റ്റര്‍ഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം ഒരു മില്യണ്‍ തികഞ്ഞിരുന്നില്ല. ഇപ്പോള്‍ അത് 1.6 കോടിയാണ്.