Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍  താജിക് വീരഗാഥ തുടരുന്നു

ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ അരങ്ങേറ്റത്തില്‍ താജിക്കിസ്ഥാന്റെ വീരഗാഥ തുടരുന്നു. യു.എ.ഇയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ച് അവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 1-1 ല്‍ അവസാനിച്ച മത്സരത്തില്‍ 5-3 നാണ് ഷൂട്ടൗട്ടില്‍ താജിക്കിസ്ഥാന്‍ ജയം നേടിയത്. ഇന്തോനേഷ്യയെ 4-0 ന് തകര്‍ത്ത് ഓസ്‌ട്രേലിയയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇറാഖ്-ജോര്‍ദാന്‍ പ്രി ക്വാര്‍ട്ടറിലെ വിജയികളുമായാണ് താജിക്കിസ്ഥാന്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. സൗദി അറേബ്യയെയോ തെക്കന്‍ കൊറിയയെയോ ഓസ്‌ട്രേലിയ നേരിടും. ഫിഫ റാങ്കിംഗില്‍ 106ാം സ്ഥാനത്തുള്ള താജിക്കിസ്ഥാന്‍ ആദ്യമായാണ് ഏഷ്യന്‍ കപ്പില്‍ മുഖം കാണിക്കുന്നത്. 40 സ്ഥാനം മുന്നിലുള്ള യു.എ.ഇ കഴിഞ്ഞ രണ്ട് ഏഷ്യന്‍ കപ്പിലും സെമിഫൈനലിലെത്തിയിരുന്നു. ഇത്തവണ അവര്‍ എക്‌സ്ട്രാ ടൈം വരെ മുന്നേറിയത് തന്നെ ഇഞ്ചുറി ടൈം ഗോളിലൂടെയായിരുന്നു. 
ഗോള്‍കീപ്പര്‍ റുസ്തം യാതിമോവായിരുന്നു താജിക്കിസ്ഥാന്റെ ഹീറോ. യു.എ.ഇയുടെ കായൊ കനേഡൊ എടുത്ത ഷൂട്ടൗട്ടിലെ രണ്ടാമത്തെ കിക്ക് യാതിമോവ് രക്ഷിച്ചു. താജിക്കിസ്ഥാന്‍ അഞ്ച് കിക്കുകളും രക്ഷിച്ചു. അഞ്ചാമത്തെ കിക്കെടുത്ത അലിഷേര്‍ ഷുഖുറോവും ലക്ഷ്യം കണ്ടതോടെ അവസാന കിക്കിനു മുമ്പെ യു.എ.ഇ പുറത്തായി. 
നിശ്ചിത സമയത്ത് തന്നെ താജിക്കിസ്ഥാന്‍ ജയിക്കുമെന്നാണ് കരുതിയത്. മുപ്പതാം മിനിറ്റില്‍ ഹെഡറിലൂടെ വഖ്ദത് ഖനോനോവ് അവര്‍ക്ക് ലീഡ് സമ്മാനിച്ചു. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഖലീഫ ഹമ്മാദി തിരിച്ചടിച്ചതോടെയാണ് കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാനയില്ല. മരിച്ച സഹോദരന് ഖനോനോവ് തന്റെ ഗോള്‍ സമര്‍പ്പിച്ചു. 
ചൈനയെ തളക്കുകയും ലെബനോനെ തോല്‍പിക്കുകയും ചെയ്താണ് താജിക്കിസ്ഥാന്‍ നോക്കൗട്ടിലേക്ക് ബെര്‍ത്ത് നേടിയത്. ഇന്ന് ഫലസ്തീന്‍ നോക്കൗട്ടിലെ കന്നി മത്സരം കളിക്കും, ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തറിനെയാണ് നേരിടുക. 
ഇന്തോനേഷ്യ നന്നായി പൊരുതിയെങ്കിലും ഓസ്‌ട്രേലിയക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല. ആദ്യ പകുതിയില്‍ ഓസ്‌ട്രേലിയ 2-0 ന് മുന്നിലെത്തി. 12ാം മിനിറ്റിലെ സെല്‍ഫ് ഗോളിലാണ് ഇന്തോനേഷ്യ പിന്നിലായത്. മാര്‍ടിന്‍ ബോയല്‍ ഇടവേളക്ക് അല്‍പം മുമ്പ് ഡൈവിംഗ് ഹെഡറിലൂടെ രണ്ടാം ഗോളടിച്ചു. 89ാം മിനിറ്റില്‍ ക്രയ്ഗ് ഗുഡ്‌വിനും ഇഞ്ചുറി ടൈമില്‍ ഹാരി സൂതറും വിജയത്തിന് ആധികാരികത നല്‍കി. ഓസ്‌ട്രേലിയയെക്കാള്‍ 121 സ്ഥാനം പിന്നിലാണ് ഇന്തോനേഷ്യ. 
 

Latest News