റിയാദ് -ഫുട്ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി അന്നസ്ര്‍. ലിയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയെ നേരിടാനായി ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ കഠിനാധ്വാനത്തിലൂടെ ഫിറ്റ്നസ് വീണ്ടെടുത്തതായി അന്നസര്‍ അറിയിച്ചു. ലിയണല്‍ മെസ്സി-ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ പോരാട്ടമെന്ന വിശേഷണത്തോടെ ഫുട്ബോളിന്റെ തലസ്ഥാനമായി മാറുന്ന സൗദി അറേബ്യയില്‍ റിയാദ് സീസണ് കപ്പിന് അരങ്ങുണരുന്നു. 29 ന് ആരംഭിക്കുന്ന റിയാദ് സീസണ് കപ്പിനായി മെസ്സിയുടെ ഇന്റര്‍ മയാമി സംഘം റിയാദിലെത്തി. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അന്നസര്‍, നെയ്മാറിന്റെ അല്‍ഹിലാല്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ബ്രസീലില്‍ വിശ്രമത്തിലായതിനാല്‍ മെസ്സിനെയ്മാര് പോരാട്ടം കാണാനുള്ള ഭാഗ്യം ആരാധകര്ക്കുണ്ടാവില്ല.
റൊണാള്‍ഡോയുടെ പരിക്ക് കാരണം ചൈനയില്‍ നിശ്ചയിച്ച രണ്ട് മത്സരങ്ങള്‍ അവസാന നിമിഷം റദ്ദാക്കി അന്നസര്‍ ടീം മടങ്ങിയിരുന്നു. തുടര്‍ന്ന് മെസ്സി-റൊണാള്‍ഡൊ മത്സരം കാണാനാവുമോയെന്ന ആശങ്കയിലായിരുന്നു ആരാധകര്‍.
അന്നസ്റിനെതിരായ കളിക്കാണ് ഇന്റര്‍ മയാമി പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ അല്‍ഹിലാലിനെതിരെ അവര്‍ മെസ്സിയെയും ലൂയിസ് സോറസിനെയും റിസര്‍വ് ബെഞ്ചിലിരുത്താനാണ് സാധ്യത.