വിജയത്തിലേക്ക് പാതി വഴി പിന്നിട്ട് ഇന്ത്യ 

ഹൈദരാബാദ് - ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്കുള്ള പാതി വഴി പിന്നിടുന്നു. ജയിക്കാന്‍ 231 റണ്‍സ് വേണ്ട ആതിഥേയര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് ശേഷിക്കെ 136 റണ്‍സ് അരികിലാണ് ജയം. എങ്കിലും സാധ്യതകള്‍ എളുപ്പം മാറിമറിയാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ആദ്യ ഇന്നിംഗ്‌സില്‍ രക്ഷകനായ കെ.എല്‍ രാഹുലിലും സ്ഥാനക്കയറ്റം നേടി വന്ന അക്ഷര്‍ പട്ടേലിലുമാണ് ടീമിന്റെ പ്രതീക്ഷ. മൂന്നിന് 63 ല്‍ ക്രീസില്‍ ഒരുമിച്ച ഇരുവരും 32 റണ്‍സ് ഇതുവരെ ചേര്‍ത്തു. രോഹിത് ശര്‍മ (39), യശസ്വി ജയ്‌സ്വാള്‍ (15) ശുഭ്മന്‍ ഗില്‍ (0) എന്നിവരെ ടോം ഹാര്‍ട്‌ലി പുറത്താക്കി. 
ഇന്നിംഗ്‌സ് തോല്‍വി അഭിമുഖീകരിച്ച ഇംഗ്ലണ്ട് നാടകീയമായി തിരിച്ചുവരികയും 420 റണ്‍സ് രണ്ടാം ഇന്നിംഗ്‌സില്‍ നേടുകയും ചെയ്തു. ഒല്ലി പോപ്പിന്റെ അത്യുജ്വല ഇന്നിംഗ്‌സാണ് (196) കളി തിരിച്ചത്. 
രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ 231 റണ്‍സെടുത്ത് ഒരു ടീമും ജയിച്ചിട്ടില്ല. എന്നാല്‍ വിരലിലെണ്ണാവുന്ന ടെസ്റ്റുകളേ ഈ ഗ്രൗണ്ടില്‍ നടന്നിട്ടുള്ളൂ. ഇന്ത്യയില്‍ 231നെക്കാള്‍ ഉയര്‍ന്ന റണ്‍സ് സ്‌കോര്‍ ചെയ്ത് ജയിച്ച അഞ്ച് സന്ദര്‍ഭങ്ങളേയുള്ളൂ. ഇംഗ്ലണ്ടിനെതിരെ 2008 ല്‍ ചെന്നൈയില്‍ 387 റണ്‍സെടുത്ത് ഇന്ത്യ ജയിച്ചതാണ് ഏറ്റവും വലിയ ചെയ്‌സ്. അതു കഴിഞ്ഞാല്‍ ഇന്ത്യയും (2011 ല്‍ വെസ്റ്റിന്‍ഡീസ്) വെസ്റ്റിന്‍ഡീസും (1987 ല്‍ ഇന്ത്യക്കെതിരെ ) ചെയ്‌സ് ചെയ്ത 276 റണ്‍സാണ്. 2012 ലാണ് അവസാനം ഇതിനെക്കാളധികം ഒരു ടീം ചെയ്‌സ് ചെയ്ത് ജയിച്ചത്, ന്യസിലാന്റിനെതിരെ ഇന്ത്യ അഞ്ചിന് 262 റണ്‍സെടുത്തു. 
റിവേഴ്‌സ് സ്‌കൂപ്പിലൂടെ ബൗണ്ടറി നേടി ഇരട്ട സെഞ്ചുറി തികക്കാന്‍ ശ്രമിച്ച ഒല്ലി പോപ്പ് ഔട്ടായതോടെയാണ് ഇംഗ്ലണ്ട് 420 ന് ഓളൗട്ടായത്.
 

Latest News