ഹൈദരാബാദ് - റിവേഴ്‌സ് സ്‌കൂപ്പിലൂടെ ബൗണ്ടറി നേടി ഇരട്ട സെഞ്ചുറി തികക്കാന്‍ ശ്രമിച്ച ഒല്ലി പോപ്പ് ഔട്ടായതോടെ ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് 420 ന് ഓളൗട്ടായി. ഇന്ത്യക്ക് ജയിക്കാന്‍ അഞ്ച് സെഷന്‍ ബാക്കിയിരിക്കെ 231 റണ്‍സ് വേണം. ഏഴിന് 419 ലെത്തിയ ശേഷം ഒരു റണ്‍ ചേര്‍ക്കുമ്പോഴേക്കും ഇംഗ്ലണ്ടിന് അവസാന മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. പോപ്പ് 196 ല്‍ നില്‍ക്കെയാണ് ഒമ്പതാം വിക്കറ്റായി മാര്‍ക്ക് വുഡ് പുറത്തായത്. അതോടെ പോപ്പിനെ ഇരട്ട സെഞ്ചുറി വരെ സഹായിക്കാന്‍ പരിക്കേറ്റ ജാക്ക് ലീച്ച് ക്രീസിലിറങ്ങി. എന്നാല്‍ ലീച്ചിന് ബൗളിംഗ് അഭിമുഖീകരിക്കേണ്ടി വന്നില്ല.
278 പന്തില്‍ 21 ബൗണ്ടറിയോടെയാണ് പോപ്പ് 196 റണ്‍സെടുത്തത്. ബുംറക്ക് നാലു വിക്കറ്റ് ലഭിച്ചു.
നാലാം ദിനം രാവിലെ റിഹാന്‍ അഹ്മദിനെ (28) ജസ്പ്രീത് ബുംറ പുറത്താക്കിയെങ്കിലും ടോം ഹാര്‍ട്‌ലിയുടെ (34) പിന്തുണയോടെ പോപ്പ് സ്‌കോര്‍ 400 കടത്തി. അത്യസാധാരണ ഇന്നിംഗ്‌സിലെ കളിയുടെ മുഖഛായ മാറ്റിയ ഒല്ലി പോപ്പ് 186 ലുള്ളപ്പോള്‍ മുഹമ്മദ് സിറാജിനെ എഡ്ജ് ചെയ്‌തെങ്കിലും രണ്ടാം സ്ലിപ്പില്‍ കെ.എല്‍ രാഹുല്‍ അനായാസ ക്യാച്ച് കൈവിട്ടു. 110 ലുള്ളപ്പോള്‍ അക്ഷര്‍ പട്ടേലും ഈസി ക്യാച്ച് പാഴാക്കിയിരുന്നു.
ആറിന് 316 ലാണ് ഇംഗ്ലണ്ട് നാലാം ദിനമാരംഭിച്ചത്. പോപ്പും റിഹാനും ഏഴാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
അഞ്ചിന് 163 ലേക്ക് തകര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് പരാജയം തുറിച്ചുനോക്കിയ ഘട്ടത്തില്‍ ബെന്‍ ഫോക്‌സിന്റെയും (34) റിഹാന്‍ അഹ്മദിന്റെയും ടോം ഹാര്‍ട്‌ലിയുടെയും പിന്തുണയോടെ പോപ്പ് തിരിച്ചടിച്ചു. രവീന്ദ്ര ജദേജയെ മൂന്ന് റണ്‍സിന് പായിച്ചാണ് മധ്യനിര ബാറ്റര്‍ അവിസ്മരണീയ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതിന്റെ മാസ്റ്റര്‍ക്ലാസാണ് പോപ്പിന്റെ ഇന്നിംഗ്‌സെന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട് പറഞ്ഞു. മുന്നിലേക്കും പിന്നിലേക്കും സ്വീപ് ചെയ്താണ് പോപ്പ് ഇന്ത്യയുടെ കരുത്തുറ്റ സ്പിന്നാക്രമണത്തെ നിര്‍വീര്യമാക്കിയത്. 110 ലുള്ളപ്പോള്‍ ജദേജക്കെതിരായ റിവേഴ്‌സ് സ്വീപ് പിഴച്ചെങ്കിലും ബാക്‌വേഡ് പോയന്റില്‍ അക്ഷര്‍ പട്ടേല്‍ ക്യാച്ച് കൈവിട്ടു.
ഇന്ത്യയെ 436 ന് പുറത്താക്കി 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകള്‍ എളുപ്പം നഷ്ടപ്പെട്ടിരുന്നു.