ബാഴ്‌സലോണ - വലിയ പ്രതീക്ഷയോടെ ബാഴ്‌സലോണയുടെ പരിശീലകനായി എത്തിയ പഴയ മിഡ്ഫീല്‍ഡ് രോമാഞ്ചം ഷാവി ഹെര്‍ണാണ്ടസിന് മതിയായി. നിലവിലെ ചാമ്പ്യന്മാര്‍ സ്പാനിഷ് ലീഗ് പോയന്റ് പട്ടികയില്‍ 10 പോയന്റ് പിന്നിലായതോടെ ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് ഷാവി പ്രഖ്യാപിച്ചു. ശനിയാഴ്ച വിയ്യാറയലിനോട് ചാമ്പ്യന്മാര്‍ 3-5 ന് തോറ്റ ശേഷമാണ് കോച്ചിന്റെ പ്രഖ്യാപനം.
ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡ് പ്ലേമേക്കര്‍മാരിലൊരാളായ ഷാവി ഖത്തറിലെ അല്‍സദ്ദിലെ വിജയത്തിന് പിന്നാലെയാണ് ബാഴ്‌സലോണ കോച്ചായി എത്തിയത്.
വിയ്യാറയലിനെതിരായ ബാഴ്‌സലോണയുടെ മത്സരം ആവേശകരകമായിരുന്നു. വിയ്യാറയല്‍ 2-0 ന് മുന്നിലെത്തിയെങ്കിലും 60-72 മിനിറ്റുകള്‍ക്കിടയില്‍ മൂന്നു ഗോളടിച്ച് ബാഴ്‌സലോണ തിരിച്ചുവന്നു. എന്നാല്‍ ഈയിടെ വിയ്യാറയലില്‍ ചേര്‍ന്ന ഗോണ്‍സാലൊ ഗ്വിദേസ് 84ാം മിനിറ്റില്‍ ടീമിന് വിജയം സമ്മാനിച്ചു. ഇഞ്ചുറി ടൈമില്‍ അലക്‌സാണ്ടര്‍ സോര്‍ലോതും ജോസെ മൊറയ്ല്‍സും ബാഴ്‌സലോണയുടെ മുറിവില്‍ മുളക് തേച്ചു.
ബാഴ്‌സലോണയുടെ ആരാധകനെന്ന നിലയില്‍ ഈ സാഹചര്യം അംഗീകരിക്കാനാവില്ലെന്നും മാറ്റം അനിവാര്യമാണെന്നും ഷാവി പറഞ്ഞു. കഴിഞ്ഞയാഴ്ച കോപ ഡെല്‍റേയില്‍ അത്‌ലറ്റിക് ബില്‍ബാവോയോട് തോറ്റ് ബാഴ്‌സലോണ പുറത്തായിരുന്നു. ജൂഡ് ബെലിംഗാം ഇല്ലാതെ കളിച്ചിട്ടും റയല്‍ മഡ്രീഡ് 2-1 ലാസ് പാല്‍മാസിനെ തോല്‍പിച്ചു. സൗദി അറേബ്യയില്‍ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ റയല്‍ 4-1 ന് ബാഴ്‌സലോണയെ തകര്‍ത്തിരുന്നു.