മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിലെ പുരുഷ ഡബ്ള്‍സ് ചാമ്പ്യന്മാര്‍ക്ക് പ്രൈസ് മണിയായി കിട്ടുക 7.30 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍. ഏതാണ്ട് നാല് കോടി രൂപ. രോഹന്‍ ബൊപ്പണ്ണയും മാത്യു എബ്ദനും ഈ തുക വീതിച്ചെടുക്കും.
വനിതാ ചാമ്പ്യന്‍ അരീന സബലങ്കക്ക് പ്രൈസ് മണിയായി ലഭിക്കുക 31.50 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് (ഏതാണ്ട് 17.22 കോടി രൂപ). റണ്ണര്‍അപ് ഷെംഗ് ക്വിന്‍ വെന്നിന് 17.25 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏതാണ്ട് 9.50 കോടി രൂപ) ലഭിക്കും.
സീഡില്ലാത്ത ഇറ്റലിക്കാരായ സൈമണ്‍ ബൊളേലി-ആന്ദ്രെ വാവസോറി സഖ്യത്തെ 7-6 (7/0), 7-5 ന് തോല്‍പിച്ച് രണ്ടാം സീഡായ രോഹനും ഓസ്‌ട്രേലിയന്‍ കൂട്ടാളി മാത്യു എബ്ദനും ഓസ്‌ട്രേലിയന്‍ ഓപണ്‍ പുരുഷ ഡബ്ള്‍സ് ചാമ്പ്യന്മാരായി.
തുടര്‍ച്ചയായി രണ്ടാം തവണ ബെലാറൂസുകാരി അരീന സബലെങ്ക ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ ടെന്നിസ് ചാമ്പ്യനായി. ഏകപക്ഷീയമായ ഫൈനലില്‍ പന്ത്രണ്ടാം സീഡ് ചൈനയുടെ ഷെംഗ് ക്വിന്‍ വെന്നിനെ 6-3, 6-2 ന് തകര്‍ത്ത ഇരുപത്തഞ്ചുകാരി ബെലാറൂസിന്റെ തന്നെ വിക്ടോറിയ അസരെങ്ക 2012 ലും 2013 ലും നേടിയ കിരീടവിജയങ്ങള്‍ ആവര്‍ത്തിച്ചു. പിഴവറ്റ കളി കാഴ്ചവെച്ച സബലങ്ക ഒരു ഡബ്ള്‍ ഫോള്‍ട് പോലും വരുത്തിയില്ല, ഒരു ബ്രെയ്ക് പോയന്റും നേരിട്ടുമില്ല.