എന്തൊക്കെ ബഹളമായിരുന്നു. ഡ്രൈവിംഗ് ടെസ്റ്റിൽ എച്ചും എട്ടും പോരാ, പാർക്കിംഗും റിവേഴ്‌സ് പാർക്കിംഗും കാണിക്കണം, കയറ്റത്തിൽ നിർത്തി എടുക്കണം. ആളില്ലാത്ത ബസുകൾ എത്തിയിടത്ത് സർവീസ് അവസാനിപ്പിക്കണം. വിപ്ലവകരമായ തീരുമാനങ്ങളുമായി രംഗത്തെത്തിയ മന്ത്രി കെ.ബി ഗണേഷ് കുമാറിന് തൃപ്തിയായി. കെഎസ്ആർടിസി ഇലക്ട്രിക് ബസിന്റെ വരുമാനവിവരങ്ങൾ ചോർന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ഗണേഷ് കുമാർ രംഗത്തെത്തി. ഇനി കണക്ക് പറയാനും തീരുമാനം എടുക്കാനും താനില്ല. എന്തെങ്കിലുമുണ്ടെങ്കിൽ ഉദ്യോഗസ്ഥർ തന്നെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താൽപര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഒരാഴ്ച കൊണ്ട് മാധ്യമങ്ങൾ എല്ലാം നിർത്തിച്ചു. തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താൽപര്യമുണ്ട്. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് ദൈവത്തിനറിയാം. ഇനി ഒരു പുതിയ തീരുമാനം എടുക്കില്ല. എല്ലാം ഉദ്യോഗസ്ഥന്മാർ അറിയിക്കും. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ'- ഗണേഷ് കുമാർ പറഞ്ഞു. സംസ്ഥാനത്തെ ഇ ബസ് സർവീസുകൾ നഷ്ടമാണെന്ന മന്ത്രിയുടെ വാദത്തിന് വിരുദ്ധമായ കെഎസ്ആർടിസി റിപ്പോർട്ട് മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സർവീസുകൾ ലാഭമാണെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഇതേ തുടർന്ന് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ റിപ്പോർട്ട് ചോർന്ന വിവരം പരാമർശിച്ച മന്ത്രി ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന കർശന നിർദ്ദേശവും നൽകി. റിപ്പോർട്ട് ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ഒരു എക്‌സിക്യൂട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
ഇ ബസുകളുടെ കലക്ഷനടക്കമുള്ള റിപ്പോർട്ട് മന്ത്രി കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിരുന്നു. സിഎംഡി ബിജു പ്രഭാകർ വിദേശത്തേക്ക് പോയതിനാൽ ജോയിന്റ് എംഡിയാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് സമർപ്പിക്കും മുമ്പാണ് വിവരങ്ങൾ പുറത്തുവന്നത്. കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തായത്. ഇ ബസുകളുമായി ബന്ധപ്പെട്ട് മന്ത്രി സ്വീകരിച്ച നിലപാടിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, വികെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് റിപ്പോർട്ട് പുറത്തായതും. ഇത് മന്ത്രിയെ ചൊടിപ്പിച്ചെന്നാണ് വിവരം. മന്ത്രി അടങ്ങിയത് ഒരു കണക്കിന് നന്നായി. കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ അപൂർവമായിട്ടുള്ള മലബാർ പ്രദേശത്തെ ബസ് റൂട്ടുകളിൽ കൈ വെക്കാനായിരുന്നു ശ്രമം.
*** *** ***
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയവേ പൗരപ്രമുഖരെ വിരുന്നൂട്ടാനുള്ള ഗവർണറുടെ മോഹത്തിന് മോഹഭംഗമൊന്നും വരുത്താതെ സംസ്ഥാന സർക്കാർ. പൊള്ളുന്ന വിലവർധനവും രൂക്ഷമായ തൊഴിലില്ലായ്മയും ക്ഷേമപെൻഷനുകൾ മുടങ്ങിയതടക്കമുള്ള കടുത്ത സാമ്പത്തിക ദുരിതങ്ങളിൽ ജനം ഞെരിപിരി കൊള്ളുമ്പോഴാണ് രാജ്ഭവന് സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ കനിഞ്ഞത്.
റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാനാണ് സംസ്ഥാന ധനകാര്യ വകുപ്പ് രാജ്ഭവന് 20 ലക്ഷം രൂപ അനുവദിച്ചത്. ബജറ്റ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാണ് ഗവർണർ-സർക്കാർ പോരിനിടയിലും സർക്കാർ ഗവർണറുടെ ആഗ്രഹത്തിനൊപ്പം നിന്നത്.26ന് വൈകിട്ടാണ് അറ്റ് ഹോം എന്ന പേരിലുള്ള ഗവർണറുടെ വിരുന്നിന് രാജ്ഭവൻ വേദിയായത്. പരിപാടിക്കു തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ നേരത്തേ സർക്കാരിനു കത്ത് നൽകിയിരുന്നു. അതുപ്രകാരം മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് അധിക ഫണ്ട് അനുവദിച്ച് ധനവകുപ്പ് ഉത്തരവിട്ടത്. ഈയിടെ കെ.ബി ഗണേഷ്‌കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും രാജ്ഭവനിൽ വച്ച് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായി ചുമതലയേറ്റപ്പോൾ മുഖ്യമന്ത്രിയും ഗവർണറും പരസ്പരം മിണ്ടുന്നത് പോയിട്ട് മുഖാമുഖം നോക്കാനോ ഹസ്തദാനം നടത്താൻ പോലുമോ തയ്യാറായിരുന്നില്ല. പതിനഞ്ചാം കേരള നിയമസഭയുടെ പത്താംസമ്മേളനത്തിന് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ വേളയിൽ ഗവർണർ ഒപ്പിച്ചതും എല്ലാവരും കണ്ടതാണ്. മുഖ്യമന്ത്രി പിണറായി കെ-റെയിൽ പ്രചാരണത്തിനായി കേരളത്തിലെ പ്രധാന നഗരങ്ങളിൽ യോഗം വെച്ചപ്പോൾ ഒപ്പം പ്രാതൽ കഴിക്കാൻ ക്ഷണിച്ചത് പൗരപ്രമുഖരെയായിരുന്നു. പിന്നീട് നവ കേരള സദസ് വന്നപ്പോഴും പൗരപ്രമുഖർക്ക് വിഭവ സമൃദ്ധമായ പാർട്ടിയും നൽകി. ഇതെല്ലാം കാണുമ്പോൾ ഗവർണർക്കും ഇതേ വിഭാഗത്തെ ഒന്ന് വിരുന്നൂട്ടാൻ ആഗ്രഹമുണ്ടാവുന്നത് സ്വാഭാവികമല്ലേ.
*** *** ***
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് ഗവർണർ ആർ.എൻ രവി. ഗാന്ധിയുടെ സ്വാതന്ത്ര്യസമരം ഫലം കണ്ടില്ല. 1942-നു ശേഷം ഗാന്ധിയുടെ പോരാട്ടങ്ങൾ അവസാനിച്ചു. ബ്രിട്ടീഷുകാർക്കെതിരെ ചെറുത്തുനിൽപ്പ് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. . നേതാജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടതിന്റെ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോരാട്ടങ്ങളല്ല. 1942ന് ശേഷം മഹാത്മാഗാന്ധി നടത്തിയ സമരങ്ങൾ ഫലം കണ്ടില്ല. ഇന്ത്യക്കകത്ത് ആളുകൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസ് ഇല്ലായിരുന്നെങ്കിൽ 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും ആർ.എൻ രവി പറഞ്ഞു.
ഇന്ത്യൻ കരസേനയുടെയും നാവികസേനയുടെയും വ്യോമസേനയുടെയും വിപ്ലവമാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ കാരണം. ഇത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ആറ്റ്‌ലി തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ്. രാജ്യത്തെ സർവകലാശാലകൾ നേതാജിയെ കുറിച്ചും ഇന്ത്യൻ നാഷണൽ ആർമിയെ കുറിച്ചും ഗവേഷണങ്ങൾ നടത്തണമെന്നും ഗവർണർ രവി കൂട്ടിച്ചേർത്തു.
ബ്രിട്ടീഷുകാർ രാജ്യം വിട്ട് വളരെക്കാലം കഴിഞ്ഞപ്പോൾ നമ്മുടെ പൈതൃകവും സംസ്‌കാരവും ആത്മീയ ശ്രേഷ്ഠതയും നാം മറന്നു. സ്വാതന്ത്ര്യ സമര സേനാനികളെ നമ്മൾ മറന്നു. നേതാജി നിർമ്മിച്ച ഇന്ത്യൻ സൈന്യത്തിൽ ധാരാളം തമിഴർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് പോരാടിയ സ്വാതന്ത്ര്യ സമര സേനാനികൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ല. നേതാജി സൈന്യത്തിൽ വനിതാ സേന രൂപീകരിച്ചു. എന്നാൽ സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം ഏഴ് തലമുറകൾക്ക് ശേഷമാണ് ഇന്ത്യൻ സൈന്യത്തിൽ സ്ത്രീകൾ പ്രധാന സ്ഥാനങ്ങളിൽ എത്തുന്നതെന്നും ആർ.എൻ രവി എടുത്തു പറഞ്ഞു.
*** *** ***
നടൻ ശ്രീനിവാസനെ പോലെ സിനിമയിൽ തിളങ്ങി നിൽക്കുകയാണ് മക്കളും. ഇളയമകൻ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവാറുണ്ട്. ഏറ്റവും പുതിയതായി തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടൻ. അച്ഛനുമായിട്ടുള്ള ബന്ധത്തെ കുറിച്ചാണ് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലൂടെ ധ്യാൻ പറഞ്ഞത്. താനൊരു ക്രിസ്ത്യാനി പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്ന് അറിഞ്ഞതിന് ശേഷം അച്ഛന്റെ പ്രതികരണം എങ്ങനെയായിരുന്നു എന്നാണ് ധ്യാൻ വിവരിച്ചത്. ഒരു കാര്യത്തിനും ഇന്നേ വരെ പുള്ളി ഞങ്ങളെ ഉപദേശിച്ചിട്ടില്ല. അങ്ങനെ ഉപദേശം കൊടുത്താൽ ആരും നന്നാവില്ലെന്ന് പുള്ളിയ്ക്ക് അറിയാം. അച്ഛന് അച്ഛച്ചനിൽ നിന്നും ഉപദേശം കിട്ടിയത് കൊണ്ടായിരിക്കും അതിൽ കാര്യമൊന്നുമില്ലെന്ന് പുള്ളിയ്ക്ക് തോന്നിയത്. പുള്ളി ഒരിക്കലും അച്ഛൻ പറഞ്ഞത് കേട്ടിട്ടില്ലെന്നാണ് ഞാനറിഞ്ഞത്. അങ്ങനെയുള്ള ഒരാളുടെ മകനല്ലേ ഞാൻ. സ്വഭാവികമായിട്ടും ഞാനത് കേൾക്കില്ലെന്ന ബോധ്യം അച്ഛനുണ്ട്. ഇന്നേ വരെ ഞങ്ങളെ ഇരുത്തി നീ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊന്നും പറയാതെ ഞങ്ങളുടെ തീരുമാനത്തിന് അനുസരിച്ച് വിടുകയാണ് ചെയ്തിട്ടുള്ളത്. ഞാനൊരു ക്രിസ്ത്യാനി പെൺകുട്ടിയെയാണ് വിവാഹം കഴിച്ചത്. ശ്രീനിവാസന്റെ മകൻ വേറെ മതത്തിലുള്ള കുട്ടിയെ കല്യാണം കഴിച്ചു, എന്നൊക്കെയുള്ളത് വളരെ സെൻസിറ്റീവായിട്ടുള്ള വിഷയമാണ്. വേണമെങ്കിൽ ഇത് പറഞ്ഞ് പല പ്രശ്നങ്ങളും ഉണ്ടാക്കാവുന്നതാണ്. അച്ഛനും അമ്മയും ലവ് മ്യാരേജ് ആയിരുന്നു. ആ കുട്ടിയെ അവന് ഇഷ്ടമാണെങ്കിൽ കല്യാണം കഴിച്ചോട്ടെ, നമുക്ക് പോയി സംസാരിക്കാമെന്ന് പറഞ്ഞ് അച്ഛനാണ് ആദ്യം അവിടേക്ക് പോയത്. ഇങ്ങനൊരു കുട്ടിയെ ഇഷ്ടമാണെന്ന് ഞാൻ അമ്മയോട് മാത്രമാണ് പറഞ്ഞത്. പിറ്റേന്ന് അവർ വണ്ടിയുമെടുത്ത് പോയി സംസാരിച്ചു. ഉറച്ച തീരുമാനമാണോ എന്ന് മാത്രമേ എന്നോട് ചോദിച്ചിട്ടുള്ളു. അമ്മയ്ക്ക് അതറിയാമായിരുന്നു. അമ്മയും അർപ്പിതയും തമ്മിൽ നേരത്തേ നല്ല ബന്ധമുണ്ടായിരുന്നു. ഞാനവളെ വിവാഹം കഴിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായിരുന്നു. അച്ഛനോട് നേരിട്ട് ഒന്നും ഞാൻ പറഞ്ഞിട്ടില്ല. ഇതുവരെ ഈ വിഷയത്തെ കുറിച്ച് അച്ഛനോട് ഒരു കാര്യവും സംസാരിച്ചിട്ടില്ല. അമ്മ അച്ഛനോട് പറയുന്നു, പിറ്റേന്ന് അച്ഛൻ വണ്ടിയുമെടുത്ത് പോകുന്നു. അത്രമാത്രമേ എന്റെ വിവാഹത്തിൽ നടന്നിട്ടുള്ളു. അച്ഛൻ ഒരു റിബലായിരുന്നു. അച്ഛനും അമ്മയും രജിസ്റ്റർ ഓഫീസിൽ വച്ചാണ് കല്യാണം കഴിക്കുന്നത്. അവർക്ക് കിട്ടാത്ത പിന്തുണയൊക്കെ ഇക്കാര്യത്തിൽ എനിക്ക് തന്നു-ധ്യാൻ പറഞ്ഞു.
*** *** ***
വിദ്യാർത്ഥികളുടെ ടിക് ടോക് വീഡിയോ ചിത്രീകരണം അതിരു കടന്നതോടെ ശുചിമുറിയിലെ കണ്ണാടികൾ നീക്കം ചെയ്ത് സ്‌കൂൾ അധികൃതർ. അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള സതേൺ അലമാൻസ് മിഡിൽ സ്‌കൂളിലാണ് ശുചിമുറിയിലെ കണ്ണാടികൾ നീക്കം ചെയ്യേണ്ടി വന്നത്. ഒഴിവു സമയങ്ങൾക്ക് പുറമേ ക്ലാസ് കട്ട് ചെയ്തും വിദ്യാർത്ഥികൾ മണിക്കൂറുകളോളം ടിക് ടോക് വീഡിയോകൾ ചിത്രീകരിക്കുന്നതിനായി ശുചിമുറിക്കുള്ളിൽ തങ്ങുന്നത് പതിവാക്കിയതോടെയാണ് അധികൃതരുടെ ഈ നടപടിയെന്ന്
ദി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ടിക് ടോക് വീഡിയോകൾ നിർമ്മിക്കുന്നതിനായി വിദ്യാർത്ഥികൾ ഒരു ദിവസം ഏഴ് മുതൽ എട്ട് തവണ വരെ ക്ലാസുകൾ കട്ട് ചെയ്ത് ശുചിമുറിക്കുള്ളിൽ സമയം ചെലവഴിക്കുമായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. അധ്യാപകരുടെയോ മറ്റു സ്‌കൂൾ ജീവനക്കാരുടെയോ ശ്രദ്ധ അത്ര വേഗത്തിൽ പതിയില്ല എന്ന ഉറപ്പുള്ളതിനാലായിരുന്നു ശുചിമുറിക്കുള്ളിലെ കണ്ണാടികൾ ഉപയോഗിച്ച് വീഡിയോ ചിത്രീകരണം നടത്തുന്നത് വിദ്യാർത്ഥികൾ പതിവാക്കിയത്. ഇതോടെ വിദ്യാർത്ഥികളെ മിക്കവാറും ക്ലാസിൽ കിട്ടാതെയായി. അങ്ങനെയാണ് ശുചിമുറിയിലെ കണ്ണാടി നീക്കം ചെയ്യാനുള്ള തീരുമാനം അധികൃതർ എടുത്തത്. സ്‌കൂൾ അധികൃതരുടെ സമീപനത്തെ രക്ഷിതാക്കളും സോഷ്യൽ മീഡിയ ഉപയോക്താക്കളും പിന്തുണച്ചു. സ്‌കൂളിനുള്ളിൽ വിദ്യാർത്ഥികൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും തടയണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ ചിലർ കുറിച്ചു. അത്യാവശ്യഘട്ടങ്ങളിൽ മാതാപിതാക്കളുമായി ബന്ധപ്പെടാൻ സാധിക്കുന്ന സാധാരണ മൊബൈൽ ഫോണുകൾ മാത്രമേ സ്‌കൂൾ കുട്ടികൾക്ക് ആവശ്യമുള്ളൂ എന്ന് ചിലർ അഭിപ്രായപ്പെട്ടു.
*** *** ***
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. താരം പങ്കുവെക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇവയ്ക്കെല്ലാം പുറമെ കേരളത്തിലെ ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് ഹണി റോസ്. ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്. ഇപ്പോഴിതാ ഇതിനൊക്കെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹണി റോസ്.
സൗന്ദര്യത്തിനായി ഹണി റോസ് സർജറികൾ ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരാറുണ്ട്. എന്നാൽ താൻ ഒരു തരത്തിലുള്ള സർജറിയും ചെയ്തിട്ടില്ല എന്ന് പറയുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് മനസുതുറന്നത്.
താൻ ഒരു സർജറിയും ചെയ്തിട്ടില്ല. ദൈവം തന്നതല്ലാതെ ഒന്നും എനിക്കില്ല. സൗന്ദര്യം നിലനിർത്താനുള്ള ചില പൊടികൈകൾ ചെയ്യാറുണ്ട് എന്നും ഈ രംഗത്ത് നിൽകുമ്പോൾ അതൊക്കെ തീർച്ചയായും വേണമെന്നും നടി പറയുന്നു. ഒരു നടിയായിരിക്കുക എന്നതും ഗ്ലാമർ ജോലി ചെയുക എന്നതും അത്ര എളുപ്പപണിയല്ല. സൗന്ദര്യ സംരക്ഷണത്തിന് വർക്ഔട്ട് ചെയ്യാറുണ്ട്. കൃത്യമായ ഡയറ്റ് പിന്തുടരുകയും ചെറിയ ട്രീറ്റ്മെന്റുകൾ ചെയുകയും ചെയ്യും എന്നും താരം പറയുന്നു. ഇത് വലിയൊരു വിഷയമാണ് എന്ന് തനിക്ക് തോന്നിയിട്ടില്ല എന്നാണ് ഹണി പറയുന്നത്. നമ്മുടെ സ്വന്തം ശരീരം സുന്ദരമാക്കി കൊണ്ടുനടക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് എന്നും ഹണി റോസ് പറയുന്നു.
കഴിഞ്ഞ ദിവസം ഹണി റോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്ക് ട്രോളുകൾ ലഭിച്ചിരുന്നു. കിലുക്കത്തിലെ ജഗതി ചേട്ടനെപോലെയുണ്ട്, മദാമ്മ എന്നെല്ലാം പറഞ്ഞാണ് ട്രോളുകൾ. എന്നാൽ അതെല്ലാം താൻ നല്ല രീതിയിൽ ആസ്വദിക്കുന്നുണ്ട്. എന്ത് നല്ല ക്രിയാത്മകമായിട്ടാണ് അവർ ട്രോൾ ചെയ്യുന്നത്. ട്രോൾ കണ്ടപ്പോഴാണ് അതൊക്കെ ശരിയാണല്ലോ എന്ന് തനിക്കും തോന്നിയത്. രസകരമായ ട്രോളൊക്കെ ഒരു പരിധിവരെ താൻ ആസ്വദിക്കാറുണ്ട് എന്നും ഹണി റോസ് പ്രതികരിച്ചു.
പലപ്പോഴും ഈ ട്രോളുകൾ പരിധി കടക്കാറുമുണ്ട്. ബോഡിഷെയിമിങ്ങെല്ലാം തനിക്ക് ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണ്. അതൊക്കെ വലിയ രീതിയിൽ ബാധിക്കുകയും ചെയ്യും. അങ്ങനെ ചെയ്യരുതെന്ന് നമ്മൾ പറഞ്ഞതുകൊണ്ട് മാത്രം ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ചെയ്യുന്നവർ കൂടി അതേക്കുറിച്ച് ഓർക്കണം. ഒരു സമൂഹത്തിൽ വളരുമ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യരുതെന്ന് പലരും ഓർക്കുന്നില്ല. ബോഡിഷെയിമിങ് എന്നത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന കാര്യമല്ല എന്നും ഹണി റോസ് പ്രതികരിച്ചു.
കൊടുവള്ളിയിലായാലും വടകരയിലായാലും ഉദ്ഘാടനത്തിന് എല്ലാവർക്കും ഹണി റോസ് എന്ന യുവ താരത്തെ മതി. അതിന് എത്രയും മുടക്കാൻ സംരംഭകർ തയാർ. വടകരയിൽ സ്ഥാപനം ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തെക്കേ അറ്റത്ത് കരുനാഗപ്പള്ളിയിലും പറന്നെത്തി. ഹണി എത്തിയാൽ ക്യാമറകളുടെയെല്ലാം ശ്രദ്ധാ കേന്ദ്രം താരമാണ്. സിനിമയിൽ അഭിനയിക്കാൻ നേരം കിട്ടാത്ത വിധമാണ് നാട്ടിലെങ്ങും ഉദ്ഘാടനങ്ങൾ. അതിനിടയ്ക്കാണ് ഹണിയ്ക്ക് വെല്ലുവിളിയായി അന്ന രേഷ്മ രാജൻ എന്ന മുഴുപ്പേരുള്ള അന്ന ഉദ്ഘാടന താരമാവുന്നത്.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ച താരമാണ് അന്ന രേഷ്മ രാജൻ. വെളിപാടിന്റെ പുസ്തകം, അയ്യപ്പനും കോശിയും, തിരിമാലി തുടങ്ങിയ ചിത്രങ്ങളിലും അന്ന തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം അന്ന നായികയായ സിനിമകൾ റിലീസ് ചെയ്തില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഉദ്ഘാടന വീഡിയോകളിലൂടെ നിറഞ്ഞുനിൽക്കുന്ന താരമായി അന്ന മാറി. നാടൻ വേഷങ്ങളിലാണ് അന്ന കൂടുതലായി വരാറുള്ളതെങ്കിലും ഉദ്ഘാടനങ്ങൾക്ക് ഗ്ലാമറസ് ലുക്കിലാണ്. ഇടപ്പള്ളിയിൽ പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴൊക്കെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാവുന്നത്. പണ്ടു ഷീലയും ശാരദയും മത്സരിച്ച് അഭിനയിച്ചാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. കാലം പോയൊരു പോക്കേ...
*** *** ***
വിവാഹം കഴിച്ചുവെന്ന കാര്യം പോലും മറച്ചുവെച്ച ശേഷം അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നടിമാരുണ്ടെന്ന് നടി ഗ്രേസ് ആന്റണി എന്നാൽ അവസരങ്ങൾ കുറയുമോയെന്ന ഭയം കാരണമാണ് പലരും വിവാഹക്കാര്യം മറച്ചുവെക്കുന്നതെന്നും ഗ്രേസ് കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട് താരം. വിവാഹത്തിന് ശേഷം പല നടിമാർക്കും സിനിമയിൽ അവസരം കുറയുന്ന പ്രവണതയാണ് കാണാറുള്ളത്. ഇതിൽ ഒരു മാറ്റം വേണമെന്ന് താൻ വ്യക്തിപരമായി ആഗ്രഹിക്കുന്നുവെന്നാണ് ഗ്രേസ് പറയുന്നത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
വിവാഹം കഴിഞ്ഞ കാര്യം മറച്ച് വയ്ച്ചിരിക്കുന്ന സുഹൃത്തുക്കൾ തനിക്കുമുണ്ട്. ഞാൻ ഒരാൾ വിചാരിച്ചാൽ മാറില്ല. എന്നാലും എനിക്ക് ഒരു ആഗ്രഹമുണ്ട്. നമ്മുടെ സിനിമയിൽ വിവാഹ ശേഷം സ്ത്രീകൾക്ക് അവസരം കുറയുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഞാൻ ഒരുപാട് സംവിധായകരോടും നിർമ്മാതാക്കളോടും നിങ്ങൾ ആ ചിന്താഗതിയുള്ളവരാണോ എന്ന് ചോദിക്കാറുണ്ട്. ഏയ് ഇല്ലെടോ എന്നാണ് അവർ പറയുക. പക്ഷെ ഇപ്പോഴും എനിക്കറിയാം, വിവാഹം കഴിഞ്ഞിട്ടും അത് പുറത്ത് പറയാത്ത സുഹൃത്തുക്കളുണ്ട്. അവർക്കത് പുറത്ത് പറയാൻ പേടിയാണ്. അവസരങ്ങൾ കുറയുമോ എന്ന്. ഞാൻ ഒരാൾ വിചാരിച്ചാൽ മാറുമോ എന്നറിയല്ല. പക്ഷെ മാറണം എന്ന് ഞാൻ കരുതുന്ന കാര്യമാണ്.' - നടി പറഞ്ഞു.