Sorry, you need to enable JavaScript to visit this website.

ഹൃദയം തൊടുന്ന മഴനൂൽ ശൈത്യം

ലളിതസുന്ദരങ്ങളായ കുഞ്ഞുപദങ്ങളുടെ പൂമാല തീർക്കുകയാണ് നിഖില ഈ പുസ്തകത്തിൽ. അനായാസം അനുവാചകന് അർത്ഥവ്യാപ്തിയിൽ ആഴ്ന്നിറങ്ങാം. ഓർമ്മകളുടെ ഒപ്പം നടക്കാൻ ഒട്ടും മുഷിയാത്ത വായനാ ചാരുത. 

നല്ല മനുഷ്യർക്കിടയിൽ ജനിക്കുക, സ്‌നേഹവാൽസല്യങ്ങളുടെ ചൂടേറ്റു വളരുക, അക്ഷരങ്ങളിലൂടെ ഓർമ്മകളുടെ പൂക്കാലം സൃഷ്ടിക്കുക, തെളിനീരൊഴുക്കുപോലെ മനോഹരമായി ജീവിക്കുക, ആത്മീയതയുടെ പച്ചമണ്ണിൽ ആർദ്രതയുടെ വേരുപടർത്തി തണൽ മരമാകുക. അത്രമേൽ സുന്ദരമായ ജീവിതാവസ്ഥകളുടെ യഥാതഥമായ ആവിഷ്‌കാരമാണ് നിഖില സമീറിന്റെ 'വൈദ്യേഴ്‌സ് മൻസിൽ' എന്ന ഓർമ്മകളുടെ സമാഹാരം. സാന്ത്വനത്തണുപ്പേകുന്ന സ്‌നേഹൗഷധങ്ങളുടെ വൈദ്യശാല, വാത്സല്യതൈലത്തിന്റെ നനുത്ത തൂവൽസ്പർശം നേർത്ത താരാട്ടിൽ മനസ്സിനെ ചുംബിച്ചുറക്കുന്ന കരുതലിന്റെ 'വൈദ്യേഴ്‌സ് മൻസിൽ'.
ഓർമ്മകളിൽ തെളിഞ്ഞുവരുന്ന അനുഭവസൗകുമാര്യത്തിൽ കാഴ്ചകൊണ്ടും ഗന്ധംകൊണ്ടും രുചികൊണ്ടും ഹൃദയത്തിൽ മായാതെ കൊത്തിവെച്ച സ്‌നേഹരൂപങ്ങളാകുമെല്ലാവർക്കും.

സുരഭിലമായ ഓർമ്മകളുടെ ഈ കൂമ്പാരങ്ങൾക്കു കൊടുത്ത 'വൈദ്യേഴ്‌സ് മൻസിൽ' എന്ന തലക്കെട്ട് തന്നെ നിഷ്‌കളങ്കരായ നാട്ടുമനസ്സുകളിൽ പുരട്ടിയ 'വാപ്പിച്ചി' യുടെ നിസ്തുല സേവന സ്മരണ തന്നെ. നോമ്പുകാലത്തെ ചക്കരപ്പാൽ നാവിൽ തുമ്പിൽ ഇറ്റുവീഴ്ത്തിയാണ് ഈ മൻസിലിലേക്കു വായനക്കാരെ സ്വാഗതം ചെയ്യുന്നത്. ഞാലിപ്പൂവൻ പഴവും തേങ്ങാപ്പാലും ശർക്കരയും ഉമ്മിച്ചയുടെ കൈവിരൽ കൊണ്ട് കുഴച്ച മാധുര്യം വായനക്കാർക്കും അന്യമാകുന്നില്ല. ഉപ്പയെന്ന തണൽ തണുപ്പിനെ വർണ്ണിക്കാൻ അക്ഷരങ്ങൾ തികയാതെ വരുന്ന മകളുടെ നിസ്സഹായത പുഞ്ചിരിയിൽ ഒതുക്കുന്നുണ്ട്. പ്രിയമോടെ ഉപ്പയിട്ട പേരിനോട്‌പോലും ഇടമുറിയാത്ത ബഹുമാനം, അതാണ് ഈ മകളുടെ 'ഉപ്പത്തണൽ'. ആത്മപാതിയുടെ യഥാർത്ഥ ആൾ രൂപമാണ് ഉമ്മയെന്ന പുണ്യം. സങ്കടങ്ങളുടെ നൂലിഴകുരുക്ക് സ്‌നേഹ ചാരുതയിൽ അഴിച്ചെടുക്കുന്ന ഹൃദയസ്പർശനം. 'വയൽ കാറ്റേറ്റ് പുളകിതയാകുന്ന കുഞ്ഞുവീട്ടിലെ' നിർവ്വചനീയ സ്‌നേഹ മഹസ്സ്. കാൽച്ചുവട്ടിലെ സ്വർഗ്ഗത്തെ പ്രാണനിൽ പകർന്നു പറന്നകന്ന ഉമ്മിച്ചയെ വായിച്ചു തീർക്കുമ്പോൾ ഹൃദയം നൊന്തതായി കണ്ണ് പറഞ്ഞു.
ആത്മീയ വഴികളുടെ റമദാൻ നിലാവുകളും, നോമ്പുകഞ്ഞിയും ഉപ്പയുടെ കീശയിലെ വാഴയിലപൊതിയും മനോഹരമായ വായന നൽകുന്നു. നോമ്പിന്റെ വിശപ്പ് മാറ്റാൻ കുഞ്ഞു വയറിനെ കുഞ്ഞിത്തിണ്ണയിൽ അമർത്തിയ ത്യാഗം ജീവിത പാതകളിൽ കരുത്തായി പരിണമിച്ചിരിക്കാം. ഒത്തുകൂടലെന്ന ഉത്സാഹവും കൂട്ടുകുടുംബമെന്ന കരുതലും മറ്റൊരർഥത്തിൽ ആത്മീയത തന്നെയെന്ന് വരച്ചിടുന്നുണ്ട് ഇതിൽ. 'മണലക്ഷര'ളിൽ നിന്നും മഷിയക്ഷരങ്ങളിലേക്കുള്ള പരിണാമവും വിശ്വാസങ്ങൾക്കതീതമായ സംസ്‌കാരം ശീലമാക്കുന്ന വിദ്യാഭ്യാസ വഴികളും വായനക്കാർക്കും അന്യമല്ല. രാധസാറും, വിജയൻ സാറും, നന്മകളുടെ പൊതു ബിംബങ്ങൾ തന്നെ, കാലാകാലങ്ങളിൽ പേര് മാറുന്നു എന്ന് മാത്രം.
ലളിതസുന്ദരങ്ങളായ കുഞ്ഞുപദങ്ങളുടെ പൂമാല തീർക്കുകയാണ് നിഖില ഈ പുസ്തകത്തിൽ. അനായാസം അനുവാചകന് അർത്ഥവ്യാപ്തിയിൽ ആഴ്ന്നിറങ്ങാം. ഓർമ്മകളുടെ ഒപ്പം നടക്കാൻ ഒട്ടും മുഷിയാത്ത വായനാ ചാരുത. ഗുണശീലങ്ങളുടെ നേർവഴികാട്ടിയ സലിം ഉസ്താദും, പുളിങ്കുരു വിഴുങ്ങിയ കുസൃതിയും, ബീഡിയിലെ മുളകുപൊടി പ്രയോഗവും, സ്വന്തം തൊടിയിൽ അയൽക്കാരിക്ക് കാവൊരുക്കിയ സാഹോദര്യത്തണുപ്പും, ഉമ്മുമ്മായുടെ നെല്ലുകുത്താനന്തര പ്രസവവും, അനിമാമയെന്ന ഗുരുത്വഗുണവും ഒരിളംതെന്നൽ വലയംപോലെ വായിച്ചു തണുക്കും. ഋതുഭേദങ്ങളെ അതിജീവിക്കുന്ന സ്വച്ഛസുന്ദരമായ സ്‌നേഹവായ്പ്പിന്റെ അയൽപക്കങ്ങളാണ് പകരം വെക്കാനില്ലാത്ത മാനുഷിക സാഹോദര്യ സംസ്‌കാരങ്ങളുടെ നെടും തൂണുകളെന്ന് 'പ്രളയത്തിനും മുമ്പുള്ള മഴക്കാല ഓർമ്മയിൽ' മനസ്സിനെ ഈറനണിയിച്ചു പറഞ്ഞു വെക്കുന്നുണ്ട്. 
എത്രയെത്ര മാതൃമനസ്സുകളുടെ സ്‌നേഹച്ചൂരാണ് എഴുത്തുകാരിയെ പൊതിഞ്ഞു നിൽക്കുന്നത്. 'വാപ്പിച്ചി വീട്ടിലുമ്മയും', 'മൂന്നുപുരയ്ക്കലുമ്മയും', 'കളക്കട്ടെ ഉമ്മിച്ചയും', 'ആബിദ കൊച്ചുമ്മയും', 'ഉമ്മിച്ചയും' അങ്ങനെ വാത്സല്യപ്പുതപ്പുകളിൽ പതുങ്ങിയുണർന്നെണീറ്റ ജീവിതം. നിമിഷ നേരത്തെ അസാന്നിധ്യം പോലും മക്കളെ അനാഥമാക്കിയാലോ എന്ന ചിന്തയിൽ സ്വയം സഹിച്ചു ജീവിച്ച എത്രയെത്ര മാതൃഹൃദയങ്ങൾ ഉണ്ടാകും ഈ ലോകത്ത്. ഉമ്മിച്ചയെ പരിചരിച്ച എട്ടുമാസക്കാലമാകും മകൾ ജീവിതത്തിലെ ഏറ്റവും തിളങ്ങിയ കാലം എന്ന് നിസ്സംശയം പറയാം. ഓർക്കുന്ന ക്ഷണത്തിൽ സാന്നിധ്യമറിയിക്കുകയും, മഴനൂൽ തണുപ്പായി ഹൃദയം തൊടുന്ന കൂട്ടിനും 'ലോല' യെന്നല്ലാതെ മറ്റെന്തു പേരാണ് ചേരുക! വായന മുറിയാതെ മനസ്സിലുടക്കുന്ന മനുഷ്യരൊരുപാട് കടന്നു വരുന്നുണ്ടീ മുപ്പത്തി മൂന്നു ഓർമ്മക്കുറിപ്പുകളിലും.
വൈദ്യേഴ്‌സ് മൻസിലിൽ നിന്നും പരിശുദ്ധ മദീനയിലെ മണ്ണ് വരെയുള്ള വായനാ സഞ്ചാരം നെഞ്ചിൽ തൊടുന്നത്, എഴുത്തിൽ അലിഞ്ഞു കിടക്കുന്ന അനന്യജീവിത മുഹൂർത്തങ്ങളുടെ നിർമ്മലമായ ആവിഷ്‌കാരം തന്നെയാണ്. 

'വൈദ്യേഴ്‌സ് മൻസിൽ'
നിഖില സമീർ
ഹരിതം ബുക്‌സ്, കോഴിക്കോട്

 

Latest News