Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കബഡിയിലെ ദ്രോണാചാര്യർ

ഭാസ്‌കരൻ ഭാര്യയും മക്കളും മരുമക്കളുമൊത്ത്
ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ കബഡികളിയിൽ സ്വർണ്ണം നേടിയ പുരുഷ ടീമിനൊപ്പം
എടച്ചേരി ഭാസ്‌കരൻ
ദ്രോണാചാര്യ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്നും ഭാസ്‌കരൻ ഏറ്റുവാങ്ങുന്നു

കായികലോകത്ത് ഇന്ത്യക്ക് സുവർണ്ണമുദ്ര ചാർത്തിക്കൊടുക്കുന്നതിൽ കബഡിക്കുള്ള സ്ഥാനം ആർക്കും നിഷേധിക്കാനാവില്ല. നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തിന് സുവർണ്ണനേട്ടം നേടിക്കൊടുത്ത പാരമ്പര്യമാണ് കബഡിക്കുള്ളത്. തുടർച്ചയായ വിജയക്കൊയ്ത്തിനിടയിൽ ഇടയ്‌ക്കെപ്പോഴോ ഇന്ത്യയ്ക്ക് കാലിടറിത്തുടങ്ങി. 2018 ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണ്ണം നഷ്ടപ്പെട്ടു. പുരുഷവിഭാഗത്തിൽ വെള്ളിയും വനിതാ വിഭാഗത്തിൽ വെങ്കലവും കൊണ്ട് ഇന്ത്യയ്ക്ക് തൃപ്തിപ്പെടേണ്ടിവന്നു. കായികരംഗത്തെ അവിശ്വസനീയമായ ഈ തോൽവി കായികമന്ത്രാലയത്തിന് വലിയ ക്ഷീണമായി. കബഡിയുടെ പഴയ യശസ്സ് വീണ്ടെടുക്കാനായുള്ള ശ്രമങ്ങളാണ് പിന്നീട് കണ്ടത്. ഇതിനായി നിരവധി പരിശീലകരെയാണ് പരീക്ഷിച്ചത്. ഒടുവിൽ നറുക്ക് വീണതാകട്ടെ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഒരു കാസർകോട്ടുകാരന്. ക്യാപ്റ്റൻ എടച്ചേരി ഭാസ്‌കരനെ ഇന്ത്യൻ കബഡി ടീമിന്റെ പരിശീലകനായി നിയോഗിക്കുകയായിരുന്നു. ദൗത്യം ഏറ്റെടുത്ത ഭാസ്‌കരനാകട്ടെ തന്നിലർപ്പിച്ച വിശ്വാസം രാജ്യത്തിന് തിരിച്ചുനൽകി. ചൈനയിലെ ഹാങ്ചൗവിൽ 2022 ൽ നടന്ന ഏഷ്യൻ ഗെയിംസിൽ പുരുഷ വിഭാഗവും വനിതാ വിഭാഗവും സുവർണ്ണനേട്ടം കൈവരിച്ചപ്പോൾ ലോക കബഡി ഭൂപടത്തിൽ ഇന്ത്യ വീണ്ടും സിംഹാസനം ഉറപ്പിക്കുകയായിരുന്നു.
അതിന് ഫലവുമുണ്ടായി. ദ്രോണാചാര്യ പുരസ്‌കാരം നൽകിയാണ് രാജ്യം ഈ കായികപരിശീലകനെ ആദരിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആജീവനാന്ത ദ്രോണാചാര്യ പുരസ്‌കാരത്തിനാണ് അദ്ദേഹം അർഹനായത്. കബഡിയിൽ അഭിമാനസ്വർണ്ണം തിരിച്ചുപിടിച്ചതിനുള്ള സ്‌നേഹോപഹാരമായിരുന്നു അത്. കേരളത്തിൽനിന്നും ദ്രോണാചാര്യ പുരസ്‌കാരം നേടുന്ന ആദ്യ കബഡി പരിശീലകനാണ് ക്യാപ്റ്റൻ ഭാസ്‌കരൻ. കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിനടുത്ത് നിടുവപ്പുറത്തെ വീട്ടിൽ ആഹ്ലാദം തിരതല്ലുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്നും ദ്രോണാചാര്യ പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണ് ആ നാടും നാട്ടിൻപുറത്തുകാരും. നാട്ടിൻപുറത്ത് കബഡി കളിച്ചുനടന്ന ആ കൗമാരക്കാരൻ എത്തിപ്പിടിച്ച ഉയരങ്ങളിൽ അവരെല്ലാം ഏറെ ആഹ്ലാദത്തിലാണ്.
കാസർകോട് ജില്ലയിലെ കൊടക്കാട് പടിഞ്ഞാറെക്കരയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ഭാസ്‌കരൻ കുട്ടിക്കാലംതൊട്ടേ കായികപ്രേമിയായിരുന്നു. സ്‌കൂൾ പഠനം കഴിഞ്ഞെത്തിയാൽ കൂട്ടുകാരുമൊത്ത് കബഡി കളിച്ചുനടന്ന കാലം. വീടിനടുത്തുള്ള ക്ലബ്ബിന്റെ മുറ്റത്ത് കുമ്മായവരയിട്ട കോർട്ടിലായിരുന്നു അക്കാലത്തെ അങ്കം. ക്ലബ്ബിലെ കൂട്ടുകാരോടൊത്ത് കളിച്ചുനടന്ന് ഒടുവിൽ സ്‌കൂൾ ടീമിലുമെത്തി. വേങ്ങപ്പാറ കേളപ്പജി സ്‌കൂളിലെത്തിയതോടെയാണ് കബഡിയെ ഗൗരവമായി കണ്ടുതുടങ്ങിയത്. റെഡ് സ്റ്റാർ വെള്ളച്ചാൽ ക്ലബ്ബിലെത്തിയതോടെ ക്ലബ്ബ് പ്രൊഫഷണലായി. സ്‌കൂൾതല മത്സരങ്ങൾക്കൊപ്പം നാട്ടിലെ കബ്ബുകൾ തമ്മിലുള്ള ടൂർണ്ണമെന്റുകളിലും സജീവമായിരുന്ന കാലം. എങ്കിലും കബഡിയെ ഒരു കരിയറായി ആരും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ പഠനത്തിനാണ് കൂടുതൽ ഊന്നൽ നൽകിയിരുന്നത്. അവധി ദിവസങ്ങളിലാണ് കബഡി ടൂർണ്ണമെന്റുകളിൽ കളിച്ചിരുന്നത്.
പയ്യന്നൂർ കോളേജിലെ പ്രീഡിഗ്രി പഠനകാലത്തും കൂട്ടിന് കബഡിയുണ്ടായിരുന്നു. കോളേജ് ടീമിലാണ് കളിച്ചുതുടങ്ങിയതെങ്കിലും പിന്നീട് കലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി ടീമിനെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കാളിയായി. ഇതിനിടയിലായിരുന്നു ആർമി റിക്രൂട്ട്‌മെന്റിനെക്കുറിച്ചറിയുന്നത്. ഒരു ജോലിയുണ്ടെങ്കിൽ ജീവിതം കൂടുതൽ ശോഭനമാകുമെന്ന ചിന്തയാണ് ആർമി റിക്രൂട്ട്‌മെന്റിൽ പങ്കെടുക്കാനും പട്ടാളത്തിലെ ജോലി സ്വീകരിക്കാനും ഭാസ്‌കരനെ പ്രേരിപ്പിച്ചത്.
ആർമി സെലക്ഷനിടെ സർട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ച ഉദ്യോഗസ്ഥർ കബഡി കളിയിലെ ഭാസ്‌കരന്റെ മികവ് തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ആർമി കബഡി ടീമുള്ള ഇ.എം.ഇ ഭോപ്പാൽ റെജിമെന്റിലേയ്ക്ക് അയയ്ക്കുകയായിരുന്നു. ജീവിതത്തിന്റെ ഗതി മാറുന്നത് അവിടെനിന്നാണ്. ആർമി കബഡി ടീമിലെ സ്ഥിരാംഗമായി നിരവധി മത്സരങ്ങളിൽ പങ്കാളിയായി. പത്തുവർഷത്തോളം ടീമംഗമായെങ്കിലും പിന്നീട് വഴിമാറിത്തുടങ്ങി. തന്നേക്കാൾ മികച്ച ശാരീരിക ക്ഷമതയുള്ള ഉത്തരേന്ത്യൻ കളിക്കാർ ടീമിലുണ്ടെന്ന തിരിച്ചറിവിൽ സ്വയം പിൻവാങ്ങുകയായിരുന്നു. കബഡി പരിശീലകനിലേയ്ക്കുള്ള പ്രയാണം അവിടെ ആരംഭിക്കുകയായിരുന്നു.
ഗുജറാത്തിലെ സായിയുടെ കീഴിലുള്ള കബഡി കോച്ചിംഗ് സെന്ററിലെത്തിയാണ് പരിശീലനം തുടങ്ങിയത്. സ്‌പോർട്‌സ് കോച്ചിംഗിൽ എൻ.ഐ.എസ് സർട്ടിഫൈഡ് ഡിപ്‌ളോമ കരസ്ഥമാക്കിയായിരുന്നു അവിടെനിന്നും മടങ്ങിയത്. തുടർന്ന് ആർമി ടീമിന്റെ കോച്ചായി. ഇ.എം.ഇ ഭോപ്പാൽ ടീമിനെ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ആ സ്വപ്‌നം സഫലമാക്കാൻ ഭാസ്‌കരന് കഴിഞ്ഞു. ദേശീയതലത്തിലുള്ള ക്‌ളബ്ബ് ടൂർണ്ണമെന്റുകളിൽ തുടർച്ചയായി ഏഴുവർഷം ഇ.എം.ഇ ഭോപ്പാലിന് സ്വർണ്ണമെഡൽ നേടാൻ കഴിഞ്ഞത് പരിശീലകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കായികജീവിതത്തിലെ പൊൻതൂവലായിരുന്നു. ദേശീയ ടീമിലേയ്ക്കുള്ള സെലക്ഷനിൽ നിരവധി പേർ ഇ.എം.ഇ ഭോപ്പാലിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽതന്നെ സർവീസസ് ടീമിന്റെ പരിശീലകസ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. സീനിയർ നാഷണൽ ഗെയിംസിൽ സർവ്വീസസിനും വെള്ളിമെഡൽ ലഭിച്ചു. പരിശീലകനെന്ന നിലയിലുള്ള ഈ വിജയമാണ് കോച്ചിംഗ് ഒരു കരിയറായി തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
2010, 14, 23 വർഷങ്ങളിൽ ദേശീയ കബഡി ടീമിന്റെ പരിശീലകനായിരുന്ന ഭാസ്‌കരൻ മൂന്ന് ഏഷ്യൻ ഗെയിംസുകളിലും രാജ്യത്തിന് സ്വർണ്ണം നേടിക്കൊടുത്തു. 2009 ൽ ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി മാറിയ അദ്ദേഹം ആ വർഷം വിയറ്റ്‌നാമിൽ നടന്ന ഇൻഡോർ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ സമ്മാനിക്കുകയായിരുന്നു. 2010 ൽ ചൈനയിലെ ഗ്വാങ്ഷുവിൽ നടന്ന ഏഷ്യൻ ഗെയിംസിലും കബഡി ടീം സുവർണ്ണനേട്ടം ആവർത്തിച്ചു. 2013 വരെ പുരുഷ ടീമിന്റെ പരിശീലകനായിരുന്ന ഭാസ്‌കരനെ 2014 ൽ വനിതാ ടീമിന്റെയും പരിശീലകനായി നിയമിക്കുകയായിരുന്നു. അതേവർഷം ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ വനിതാ വിഭാഗം കബഡിയിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി. തുടർന്നാണ് പ്രോ കബഡി ലീഗിലേയ്ക്ക് അ്‌ദ്ദേഹം വഴിമാറുന്നത്.
ഭാസ്‌കരന്റെ അഭാവത്തിൽ 2018 ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യയുടെ മെഡൽ സ്വപ്‌നങ്ങൾക്ക് മങ്ങലേറ്റത്. കബഡിയിലെ ഉറച്ച മെഡൽ പ്രതീക്ഷയാണ് അവിടെ പൊലിഞ്ഞത്. വനിതാ ടീമും പുരുഷടീമും തോൽവിയുടെ രുചിയറിയുകയായിരുന്നു. വനിതാ ടീം ഫൈനലിൽ അടിയറവ് പറഞ്ഞപ്പോൾ പുരുഷ ടീം സെമി ഫൈനലിൽതന്നെ പുറത്തായി. ഏറെക്കാലമായി തുടർന്നുപോന്ന കുത്തകയാണ് തകർന്നത്. രാജ്യത്തിന് അംഗീകരിക്കാനാവാത്ത തോൽവിയായിരുന്നു അത്. തുടർന്ന് ഒരിക്കൽ കൂടി രാജ്യം പരിശീലകന്റെ ഉത്തരവാദിത്തം ഭാസ്‌കരനെ ഏല്പിക്കുകയായിരുന്നു.
തന്നിൽ അർപ്പിതമായ ഉത്തരവാദിത്തം ഭംഗിയോടെ നിറവേറ്റുക എന്നതായിരുന്നു ഭാസ്‌കരന്റെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി. പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ടുകൊണ്ടായിരുന്നു തുടർന്നുള്ള പരിശീലനം. പുരുഷ ടീമിനെയും വനിതാ ടീമിനെയും ഒരേസമയം തന്നെയാണ് പരിശീലിപ്പിച്ചെടുത്തത്. അതിന് ഫലമുണ്ടായി. ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇരുടീമുകളും സ്വർണ്ണമെഡൽ തിരിച്ചുപിടിച്ചു. രാജ്യം തന്നിലർപ്പിച്ച വിശ്വാസം തിരിച്ചുനൽകിയതിനുള്ള പാരിതോഷികമായിരുന്നു പോയവർഷത്തെ ദ്രോണാചാര്യ പുരസ്‌കാരം.
ഉത്തരേന്ത്യക്കാർ കൈയടക്കിയിരുന്ന കബഡിയിലെ ദ്രോണാചാര്യ പുരസ്‌കാരം ഒരിക്കൽ കൂടി ദക്ഷിണേന്ത്യയിലേയ്ക്ക് കടന്നുവന്നു. മുൻപ് നടന്ന ആറ് ദ്രോണാചാര്യ അവാർഡുകളിൽ അഞ്ചും ഉത്തരേന്ത്യൻ പരിശീലകർക്കാണ് ലഭിച്ചിരുന്നത്. കാരണം കബഡി കളിയിൽ എപ്പോഴും ഉത്തരേന്ത്യക്കാർക്കായിരുന്നു മുൻതൂക്കം. ഒരിക്കൽ ആന്ധ്ര സ്വദേശിയായ പ്രസാദറാവുവിനെ തേടിയെത്തിയിരുന്നു ഈ അംഗീകാരം. അതിനുശേഷം വീണ്ടും ഈ അംഗീകാരം ഭാസ്‌കരനിലൂടെ ദക്ഷിണേന്ത്യയിലേയ്ക്ക് കടന്നുവന്നു. കേരളത്തിൽ ആദ്യമായാണ് കബഡിയിൽ ദ്രോണാചാര്യ ലഭിക്കുന്നത്.
അംഗീകാര ലബ്ധിയിൽ ഏറെ സന്തോഷമുണ്ടെന്ന് ഭാസ്‌കരൻ പറയുന്നു. ഇത്രയും വർഷത്തെ കഷ്ടപ്പാടിനുള്ള അംഗീകാരമായാണ് ദ്രോണാചാര്യ പുരസ്‌കാരത്തെ ഈ കായികപ്രേമി കാണുന്നത്. ഏറെക്കാലം കളിക്കാരനായും പിന്നീട് പരിശീലകനായും രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചതിനുള്ള അംഗീകാരമാണിത്.
പ്രോ കബഡി ലീഗ് ആരംഭിച്ചതു മുതൽ മുംബൈ ടീമിന്റെ പരിശീലകനായിരുന്നു ഭാസ്‌കരൻ. അഞ്ച് സീസണുകളിലായി മൂന്നു തവണ ഫൈനലിലെത്തി. ഒരു തവണ ചാമ്പ്യനുമായി. മുംബൈ ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ സ്വന്തം നാട്ടിലെ കബഡി കളിക്കുന്ന കുട്ടികൾക്ക് ഈ അവസരം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതായിരുന്നു അദ്ദേഹം ചിന്തിച്ചത്. അത്തരമൊരു ചിന്തയാണ് മുംബൈ ടീമിനെ പരിശീലനത്തിനായി കാസർകോട്ടെത്തിച്ചത്. ഗ്രാമത്തിലെ കുട്ടികൾക്ക് അവരുടെ കളിരീതികൾ മനസ്സിലാക്കാനും അവരോടൊപ്പം കളിക്കാനും അവസരം നൽകുകയായിരുന്നു. മാത്രമല്ല, മിടുക്കരായ കുട്ടികളെ മുംബൈ ലീഗിലെത്തിക്കാനും ഈ അവസരം ഉപയോഗിക്കുകയായിരുന്നു.
കബഡി പരിശീലകനെന്ന നിലയിൽ ദ്രോണാചാര്യ പുരസ്‌കാരം നേടുമ്പോഴും അദ്ദേഹത്തിന് വേദനയാകുന്നത് കേരളത്തിൽ കബഡി കളിയിലേയ്ക്ക് പുതുതലമുറ ആകൃഷ്ടരാകുന്നില്ല എന്നതാണ്. കബഡി രംഗത്തെ പരിതാപാവസ്ഥയാണ് കാരണം. അസോസിയേഷനുകളിലെ അധികാര തർക്കങ്ങളും രാഷ്ട്രീയ ഇടപെടലും കേരളത്തിലെ കബഡികളിയെ തകർക്കുകയാണ്. അതുകൊണ്ടുതന്നെ യുവതലമുറ കബഡി കളി ഉപേക്ഷിച്ച് മറ്റ് കായികയിനങ്ങളിലേയ്ക്ക് വഴിമാറിപോകുന്ന കാഴ്ചയാണ് കാണാനാകുന്നത്. പ്രോ കബഡി ലീഗിൽപോലും കേരളത്തിൽനിന്നും ഇപ്പോൾ ആരുമില്ല എന്നറിയുമ്പോഴാണ് വേദനയുടെ ആഴമേറുന്നത്. സർക്കാർ ഇടപെട്ട് ഇപ്പോഴത്തെ അവസ്ഥ മാറ്റിയെടുക്കണമെന്നാണ് അദ്ദേഹത്തിന് അഭ്യർത്ഥിക്കാനുള്ളത്. നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയും അദ്ദേഹത്തിനുണ്ട്.
ഭാസ്‌കരന്റെ സ്വ്പനങ്ങൾക്ക് ചിറക് മുളയ്ക്കുകയാണ്. ചെറുവത്തൂരിനടുത്ത് കബഡിക്ക് അക്കാദമിക്ക് വൈകാതെ തറക്കല്ലിടും. കണ്ണൂർ കാസർകോട് കബഡി അക്കാദമി എന്നു പേരിട്ടിരിക്കുന്ന അക്കാദമിയിൽ മുപ്പത് കുട്ടികൾക്കാണ് പരിശീലനം നൽകാനുദ്ദേശിക്കുന്നത്. റസിഡൻഷ്യൽ അക്കാദമിയാക്കി അവരെ താമസിപ്പിച്ച് കബഡി കളി പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ബാഡ്മിന്റൺ പരിശീലനവും നടത്താനുദ്ദേശിക്കുന്നുണ്ട്. അതിനായി ഒരു കോച്ചിനെയും നിയമിക്കാനൊരുങ്ങുകയാണ്.
കായികയാത്രയിൽ ഭാസ്‌കരന് കൂട്ടായി ഭാര്യ അജിതയും മക്കളായ അഞ്ജുവും അഭിജിത്തുമുണ്ട്. മക്കളെല്ലാം ബാംഗ്ലൂരിൽ ഐ.ടി മേഖലയിലാണ് ജോലി നോക്കുന്നത്. ബാംഗ്‌ളൂർ സായിയിലാണ് ഇപ്പോഴത്തെ പരിശീലനം. ഞായറാഴ്ച ബാംഗ്ലൂരിലേയ്ക്കു തിരിക്കും. രാജ്യത്തിന്റെ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന് തന്നെ തേടിയെത്തിയെങ്കിലും ഒരു നാട്ടിൻപുറത്തുകാരന്റെ മനസ്സുമായി അവർക്കിടയിൽ കഴിയാനാണ് ഇദ്ദേഹത്തിനിഷ്ടം.
 

Latest News