ദോഹ- ഖത്തറിലെ ഇന്ത്യൻ സമൂഹം ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ വിപുൽ ഇന്ത്യൻ കൾച്ചറൽ സെന്റർ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
തുടർന്ന് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ കമ്യൂണിറ്റിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാ സാംസ്‌കാരിക പരിപാടികളും നടന്നു.
ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്ന ആഘോഷങ്ങളിൽ 500-ലധികം ഇന്ത്യക്കാരും ഇന്ത്യയുടെ സുഹൃത്തുക്കളും പങ്കു ചേർന്നതായി വെള്ളിയാഴ്ച രാവിലെ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഖത്തറിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളും വൈവിധ്യമാർന്ന പരിപാടികളോടെ റിപ്പബ്ലിക് ദിനമാഘോഷിച്ചു.






