ദോഹ- ഖത്തർ ദേശീയ കായിക ദിനാചരണത്തോടനുബന്ധിച്ച് ഫെബ്രുവരി 23ന് എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് സംഘടിപ്പിക്കുന്ന കമ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ്-2024 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. സംഘാടക സമിതി രക്ഷാധികാരി ഡോ.താജ് ആലുവ എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് പ്രസിഡന്റ് എ.ആർ അബ്ദുൽ ഗഫൂറിന് കൈമാറിയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
ഓരോ ജില്ലയിൽ നിന്നും ഒരു ടീമാവും ഇത്തവണത്തെ കമ്യൂണിറ്റി സ്‌പോർട്‌സ് മീറ്റിൽ മാറ്റുരക്കുക. മീറ്റിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളുടെ പ്രഖ്യാപനവും നടന്നു. ഓട്ടം, ലോംഗ് ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റൺ, വടംവലി, ഷൂട്ടൗട്ട് തുടങ്ങിയവയിലാണ് വിവിധ കാറ്റഗറികളിലായി മത്സരങ്ങൾ നടക്കുക. മീറ്റിന്റെ ഭാഗമായി വർണാഭമായ ടീം പരേഡും കുടുംബങ്ങൾക്കായി വിനോദ മത്സരങ്ങളും സംഘടിപ്പിക്കും.
പോസ്റ്റർ പ്രകാശന ചടങ്ങിൽ ജനറൽ കൺവീനർ അഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം പ്രസിഡന്റ് ചന്ദ്ര മോഹൻ ആശംസകളർപ്പിച്ചു. ടെക്‌നിക്കൽ ചീഫ് കോർഡിനേറ്റർ താസീൻ അമീൻ പരിപാടികൾ വിശദീകരിച്ചു. ടീം കോർഡിനേറ്റർ അനസ് ജമാൽ, എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എം.ടി അസീം എന്നിവർ വിവിധ ടീം മാനേജർമാരെ ആദരിച്ചു. സംഘാടക സമിതിയംഗങ്ങളായ അനീസ് റഹ് മാൻ, റഷീദ് അഹമ്മദ്, നജ് ല നജീബ്, റഹീം വേങ്ങേരി, റബീഅ് സമാൻ, ലത കൃഷ്ണ, ഫാത്തിമ തസ്‌നീം തുടങ്ങിയവർ സംബന്ധിച്ചു.






