മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിലെ പുരുഷ ഡബ്ള്‍സ് ചാമ്പ്യന്മാര്‍ക്ക് പ്രൈസ് മണിയായി കിട്ടുക 7.30 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍. ഏതാണ്ട് നാല് കോടി രൂപ. രോഹന്‍ ബൊപ്പണ്ണയും മാത്യു എബ്ദനും ഈ തുക വീതിച്ചെടുക്കും.
വനിതാ ചാമ്പ്യന്‍ അരീന സബലങ്കക്ക് പ്രൈസ് മണിയായി ലഭിക്കുക 31.50 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറാണ് (ഏതാണ്ട് 17.22 കോടി രൂപ). റണ്ണര്‍അപ് ഷെംഗ് ക്വിന്‍ വെന്നിന് 17.25 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏതാണ്ട് 9.50 കോടി രൂപ) ലഭിക്കും.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ബെലാറൂസുകാരി അരീന സബലെങ്ക ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ ടെന്നിസ് ചാമ്പ്യനായത്. ഏകപക്ഷീയമായ ഫൈനലില്‍ പന്ത്രണ്ടാം സീഡ് ചൈനയുടെ ഷെംഗ് ക്വിന്‍ വെന്നിനെ 6-3, 6-2 ന് തകര്‍ത്ത ഇരുപത്തഞ്ചുകാരി ബെലാറൂസിന്റെ തന്നെ വിക്ടോറിയ അസരെങ്ക 2012 ലും 2013 ലും നേടിയ കിരീടവിജയങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു.
ഇതിന് മുമ്പ് ഇവര്‍ തമ്മില്‍ ഒരിക്കലേ ഏറ്റുമുട്ടിയിട്ടുള്ളൂ. കഴിഞ്ഞ യു.എസ് ഓപണില്‍ ക്വാര്‍ട്ടറില്‍. അന്നത്തെ ഏകപക്ഷീയ വിജയം സബലങ്ക ആവര്‍ത്തിച്ചു. വമ്പനടിക്കാരായ ഷെംഗും സബലങ്കയും പലപ്പോഴും ഒരുമിച്ചാണ് പരിശീലനം നടത്താറ്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡലുകാരിയാണ് ഷെംഗ്.
ഇതിനു മുമ്പ് അവസാനം തുടര്‍ച്ചയായി രണ്ടു വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ ഫൈനലിലെത്തിയത് സെറീന വില്യംസാണ്, 2016 ലും 2017 ലും. ടൂര്‍ണമെന്റില്‍ വെറും 24 ഗെയിം മാത്രമേ സബലങ്ക വഴങ്ങിയിട്ടുള്ളൂ.