മെല്‍ബണ്‍ - ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസ് ഫൈനലില്‍ വീണ്ടും അരങ്ങേറി. നിലവിലെ ചാമ്പ്യന്‍ അരീന സബലങ്കയും പന്ത്രണ്ടാം സീഡ് ചൈനയുടെ ഷെംഗ് ക്വിന്‍ വെന്നും തമ്മിലുള്ള വനിതാ കലാശപ്പോരാട്ടത്തിനിടെയാണ് ഫലസ്തീന്‍ പതാകയുമായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്.
കഴിഞ്ഞ ദിവസം ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന നോട്ടീസ് വിതരണം ചെയ്യാന്‍ ഒരു സ്ത്രീ ശ്രമിച്ചത് ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ മിനിറ്റുകളോളം തടസ്സപ്പെടുത്തിയിരുന്നു. അലക്‌സാണ്ടര്‍ സ്വരേവും കാമറൂണ്‍ നോറിയും തമ്മിലുള്ള മത്സരത്തിനിടയിലാണ് പ്രതിഷേധം അരങ്ങേറിയത്. സുരക്ഷാ ജീവനക്കാര്‍ ഇടപെടാന്‍ വൈകിയതോടെ കാണികളില്‍ ചിലരാണ് പ്രതിഷേധം നടത്തിയ സ്ത്രീയെ തടഞ്ഞത്. രണ്ട് കോര്‍ടുകള്‍ക്കു പുറത്തും പ്രതിഷേധക്കാര്‍ യുദ്ധവിരുദ്ധ നോട്ടീസുകള്‍ വിതരണം ചെയ്തു. ഗാസയില്‍ ബോംബുകള്‍ വര്‍ഷിക്കുന്ന ശബ്ദവും അവര്‍ പുനഃസൃഷ്ടിച്ചിരുന്നു. അന്ന് 35, 36 വയസ്സുള്ള രണ്ട് വനിതകളെ കസ്റ്റഡിയിലെടുത്ത ശേഷം കേസെടുക്കാതെ പോലീസ് വിട്ടയച്ചിരുന്നു.