ധാക്ക - സാനിയ മിര്‍സയുമായുള്ള വിവാഹ മോചനവും സന ജാവേദുമായുള്ള മൂന്നാം വിവാഹവും വഴി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ശുഐബ് മാലിക് ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇപ്പോള്‍ ഒന്നാം നമ്പര്‍ ശത്രുവാണ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഫോര്‍ച്യൂണ്‍ ബാരിഷാലിന്റെ കളിക്കാരനാണ് മാലിക്. ഫെബ്രുവരി 14 വരെ അവര്‍ക്കായി കളിക്കാന്‍ കരാറുണ്ടായിരുന്നുവെന്ന് ടീം ഉടമ മിസാനുറഹ്മാന്‍ പറയുന്നു. ബാരിഷാലിന്റെ 12 കളികളില്‍ ഒമ്പതിലും ശുഐബ് ഉണ്ടാവുമെന്നായിരുന്നു ധാരണ.
എന്നാല്‍ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ശുഐബ് ധാക്ക വിട്ട് ദുബായിലേക്ക് പോയി. ഫെബ്രുവരി ആറിന് തിരിച്ചുവരാമെന്ന് പറഞ്ഞപ്പോള്‍ സാധ്യമല്ലെന്ന് ടീം മറുപടി നല്‍കി. കുടുംബത്തോടൊപ്പം ചെലവിടാനാണ് ദുബായിലേക്ക് പോയതെന്ന് കരുതുന്നതായും മിസാനുറഹ്മാന്‍ പറഞ്ഞു.
മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കാത്തതാണ് ശുഐബിനെ ചൊടിപ്പിച്ചതെന്നാണ് വാര്‍ത്ത. മൂന്നു കളികളിലും ആറാം നമ്പറിലാണ് ഇറങ്ങിയത്. 7, 5 നോട്ടൗട്ട്, 17 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു സ്‌കോര്‍. രണ്ടു കളികള്‍ ബാരിഷാല്‍ തോറ്റു. ആദ്യ രണ്ട് കളികളിലും ഓരോ ഓവര്‍ എറിയാനാണ് അവസരം കിട്ടിയത്. മൂന്നാമത്തെ മത്സരത്തില്‍ ബൗള്‍ ചെയ്യിച്ചില്ല.
ഖുല്‍ന ടൈഗേഴ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ ഇന്നിംഗ്‌സിലെ നാലാം ഓവര്‍ എറിയാന്‍ വന്ന ശുഐബ് തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ നോബോളാക്കി. 18 റണ്‍സ് വഴങ്ങുകയും ചെയ്തു. ഇത് ഒത്തുകളിയാണോയെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം അന്വേഷിക്കണമെന്ന് മിസാനുറഹ്മാന്‍ മറുപടി നല്‍കി. ഓഫ്‌സ്പിന്നര്‍ ഒരോവറില്‍ മൂന്ന് നോബോള്‍ എറിയുന്നത് അസംബന്ധമാണ്. അതു കാരണമാണ് ടീം തോറ്റത് -അദ്ദേഹം പറഞ്ഞു.
ഒരു സ്പിന്നര്‍ പുരുഷ ട്വന്റി20 ക്രിക്കറ്റില്‍ ഒരോവറില്‍ മൂന്ന് നോബോള്‍ എറിഞ്ഞത് ചരിത്രത്തിലാദ്യമാണ്.