ലണ്ടന്‍ - 2019 ല്‍ ടോട്ടനം പുതിയ സ്റ്റേഡിയത്തിലേക്ക് മാറിയതു മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്വപ്‌നമാണ് അത്. അവരുടെ സ്റ്റേഡിയത്തില്‍ ഒരു ഗോളും വിജയവും. അഞ്ചു തവണ ആ സ്‌റ്റേഡിയത്തില്‍ കളിച്ചിട്ടും സിറ്റിക്ക് അത് സാധ്യമായിട്ടില്ല. സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലും യൂറോപ്പിലും വാഴുമ്പോഴും ടോട്ടനം കീഴടങ്ങാതെ നിന്നു. ഒടുവില്‍ എഫ്.എ കപ്പില്‍ ആ ഇരട്ട സ്വപ്‌നം സിറ്റിക്ക് യാഥാര്‍ഥ്യമായി. 1-0 വിജയത്തോടെ സിറ്റി അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. കളി തീരാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കിയിരിക്കെ നാഥന്‍ അകെയാണ് വിവാദ ഗോളടിച്ചത്.
ഏറെ നേരം വീഡിയൊ പരിശോധിച്ച ശേഷമാണ് റഫറി ഗോളനുവദിച്ചത്. കെവിന്‍ ഡിബ്രൂയ്‌നെയുടെ കോര്‍ണര്‍ റൂബന്‍ ഡിയാസിന് കിട്ടും മുമ്പെ പിടിക്കാനുള്ള ശ്രമത്തില്‍ ഗോളി ഗൂഗ്ലിയല്‍മൊ വികാരിയൊ കൈവിട്ടു. ഡച്ച് ഡിഫന്റര്‍ ആകെ അത് വലയിലേക്ക് മറിച്ചു.
പുതുവര്‍ഷത്തില്‍ സിറ്റി ആവേശം വീണ്ടെടുത്തിരിക്കുകയാണ്. തുടര്‍ച്ചയായ ഏഴാം ജയമാണ് ഇത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് അഞ്ച് പോയന്റ് പിന്നിലാണെങ്കിലും ഒരു കളി ബാക്കിയുണ്ട്.