ഹൈദരാബാദ് - രഞ്ജി ട്രോഫി ക്രിക്കറ്റില്‍ അരുണാചല്‍പ്രദേശിനെതിരെ ഹൈദരാബാദിന്റെ തന്മയ് ശ്രീവാസ്ത ട്രിപ്പിള്‍ സെഞ്ചുറി നേടിയത് വെറും 147 പന്തില്‍. 160 പന്ത് പിന്നിട്ടപ്പോള്‍ 323 റണ്‍സുമായി ക്രീസില്‍ തുടരുകയാണ് തന്മയ്. വെറും 48 ഓവറില്‍ ഹൈദരാബാദ് അടിച്ചെടുത്തത് 529 റണ്‍സാണ്, റണ്‍റെയ്റ്റ് 11.02.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്നെ വേഗമേറിയ ട്രിപ്പിള്‍ സെഞ്ചുറിയാണ് തന്മയ് നേടയത് ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ബോര്‍ഡറിനു വേണ്ടി മാര്‍ക്കൊ മൊറായ്‌സ് 191 പന്തില്‍ നേടിയതായിരുന്നു നിലവിലെ റെക്കോര്‍ഡ്. 119 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം 28 പന്തേ വേണ്ടിവന്നുള്ളൂ ട്രിപ്പിളിലെത്താന്‍. രവിശാസ്ത്രി ബറോഡക്കെതിരെ 1985 ല്‍ 123 പന്തില്‍ ഇരട്ട സെഞ്ചുറിയടിച്ച ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബാറ്റര്‍ ഒരു ദിവസത്തില്‍ മുന്നൂറിലേറെ റണ്‍സെടുക്കുന്നത്. 21 സിക്‌സറുണ്ട് തന്മയിന്റെ ഇന്നിംഗ്‌സില്‍. 49 പന്തില്‍ അര്‍ധ ശതകം തികച്ച ശേഷം ആക്‌സലറേറ്ററില്‍ കാലമര്‍ത്തുകയായിരുന്നു. 250 ല്‍ നിന്ന് 300 ല്‍ എത്തിയത് 12 പന്തിലായിരുന്നു.