ലിവര്‍പൂള്‍ - സമ്പന്നമായ ഭൂതകാലത്തിന്റെ ഓര്‍മകളിലേക്ക് ലിവര്‍പൂളിനെ തിരിച്ചുകൊണ്ടുവന്ന് കോച്ച് യൂര്‍ഗന്‍ ക്ലോപ് ീ സീസണിനൊടുവില്‍ പടിയിറങ്ങുന്നു. ഇംഗ്ലിഷ് ഫുട്‌ബോളിലും യൂറോപ്യന്‍ ഫുട്‌ബോളിലും ലിവര്‍പൂളിനെ വീണ്ടും ഗണനീയമായ ശക്തിയാക്കിയാണ് ജര്‍മന്‍കാരന്‍ വിടപറയുന്നത്. അര നൂറ്റാണ്ട് മുമ്പ് ബില്‍ ഷാങ്ക്‌ലിയുടെ കാലത്തിനു ശേഷം ലിവര്‍പൂള്‍ ഉയരങ്ങള്‍ കീഴടക്കിയത് ക്ലോപ്പിന്റെ കോച്ചിംഗിലാണ്. വിടപറയുന്നുവെന്ന വാര്‍ത്ത സൃഷ്ടിച്ച ദുഃഖ സാഗരം മതി ആ നേട്ടത്തിന്റെ വിലയറിയാന്‍.
ചെല്‍സി കോച്ചായി സ്ഥാനമേറ്റപ്പോള്‍ താന്‍ സ്‌പെഷ്യലാണെന്ന് പ്രഖ്യാപിച്ച ജോസെ മൗറിഞ്ഞോയെ അനുകരിച്ച് താനൊരു സാധാരണക്കാരനാണെന്നാണ് 2015 ഒക്ടോബറില്‍ ലിവര്‍പൂള്‍ പരിശീലകനായ ഒന്നാം ദിവസം ക്ലോപ് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും എഫ്.എ കപ്പും ലീഗ് കപ്പും ക്ലബ്ബ് ലോകകപ്പും കമ്യൂണിറ്റി ഷീല്‍ഡുമൊക്കെ നേടി താന്‍ സൂപ്പര്‍ സ്‌പെഷ്യലാണെന്ന് ക്ലോപ് തെളിയിച്ചു. ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കിന്റെ പ്രതാപത്തെ വെല്ലുവിളിച്ച് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ തുടര്‍ച്ചയായി രണ്ടു തവണ ലീഗ് കിരീടത്തിലേക്ക് നയിച്ചാണ് ക്ലോപ് ലിവര്‍പൂളിലേക്ക് ചേക്കേറിയത്. പക്ഷെ പതിറ്റാണ്ടുകളായി മൃതപ്രായത്തിലായ ലിവര്‍പൂളിനെ പ്രതാപത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് കരുതിയവര്‍ വിരളം. ക്ലോപ് ചുമതലയേല്‍ക്കുമ്പോള്‍ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ പത്താം സ്ഥാനത്തായിരുന്നു.
കൡക്കാരുടെയും ആരാധകരുടെയും വിശ്വാസം വീണ്ടെടുത്തെങ്കിലും ആദ്യ മൂന്നു ഫൈനലിലും ക്ലോപ്പിന്റെ ലിവര്‍പൂളിന് തോല്‍വിയായിരുന്നു, ലീഗ് കപ്പിലും യൂറോപ്പ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും. 2018-19 ല്‍ ക്ലബ്ബ് റെക്കോര്‍ഡായ 97 പോയന്റ് നേടിയെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റി അവരെ മറികടന്നു. എന്നാല്‍ തൊട്ടുപിന്നാലെ ടോട്ടനത്തെ തോല്‍പിച്ച് യൂറോപ്യന്‍ ചാമ്പ്യന്മാരായി. ആദ്യ സെമിയില്‍ 3-0 ന് മുന്നിലെത്തിയ ലിയണല്‍ മെസ്സിയുടെ ബാഴ്‌സലോണയെ രണ്ടാം പാദത്തില്‍ 4-0 ന് തകര്‍ത്താണ് അവര്‍ ഫൈനലിലെത്തിയത്. പ്രീമിയര്‍ ലീഗ് കിരീടത്തിനായുള്ള മൂന്നു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് 2020 ല്‍ അവസാനിപ്പിച്ചു. 2022 ല്‍ ലീഗ് കപ്പും എഫ്.എ കപ്പും നേടി. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ സിറ്റി ഒരു പോയന്റിന് അവരെ മറികടന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മഡ്രീഡ് ഒരു ഗോളിന് അവരെ തോല്‍പിച്ചു. 2022-23 ല്‍ ലിവര്‍പൂള്‍ ഉന്നത നിലവാരത്തില്‍ നിന്ന് താഴെ പോയപ്പോള്‍ രാജി ചര്‍ച്ചയായിരുന്നു. ഒരിക്കല്‍കൂടി ടീമിന് പ്രീമിയര്‍ ലീഗില്‍ അഞ്ച് പോയന്റ് ലീഡ് നേടിക്കൊടുത്താണ് അമ്പത്താറുകാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. തീര്‍ത്തും അപ്രതീക്ഷിതമായ ആഘാതമായി ആരാധകര്‍ക്ക് ഈ വാര്‍ത്ത.