പറ്റ്‌ന - ബിഹാറിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തെ ഒറ്റക്ക് ചുമലിലേന്തി അതിഥി താരം ശ്രേയസ് ഗോപാല്‍. ശ്രേയസ് 113 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ്. എന്നാല്‍ മറ്റെല്ലാവരും പരാജയപ്പെട്ടു. ഒമ്പതിന് 203 ലാണ് ആദ്യ ദിനം കേരളം കളി നിര്‍ത്തിയത്.
വന്‍ തകര്‍ച്ചയോടെയാണ് കേരളം തുടങ്ങിയത്. നാലാം ഓവറില്‍ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിനെ (5) വിപുല്‍കൃഷ്ണ ബൗള്‍ഡാക്കി. പകരം വന്ന സചിന്‍ ബേബിയുടെ (1) കുറ്റി വീര്‍പ്രതാപ് സിംഗ് തെറിപ്പിച്ചു. ആനന്ദ് കൃഷ്ണന്‍ (9), വിഷ്ണു വിനോദ് (0) എന്നിവരും വീര്‍പ്രതാപിന്റെ ബൗളിംഗില്‍ പവിലിയനിലേക്ക് മടങ്ങി. നാലിന് 34 ലേക്ക് തകര്‍ന്ന കേരളത്തെ അക്ഷയ് ചന്ദ്രനും (37) ശ്രേയസും ചേര്‍ന്നാണ് കരകയറ്റിയത്. സ്‌കോര്‍ 84 ല്‍ എത്തിയപ്പോള്‍ അക്ഷയ് വീണു. അരങ്ങേറ്റക്കാരന്‍ വിഷ്ണു രാജിനെയും ഹിമാന്‍ഷു സിംഗ് പുറത്താക്കി. ബെയ്‌സില്‍ തമ്പിക്കും എം.ഡി നിധീഷിനും അക്കൗണ്ട് തുറക്കാനായില്ല. അരങ്ങേറ്റക്കാരന്‍ അഖിന്‍ സത്താറാണ് സ്റ്റമ്പെടുക്കുമ്പോള്‍ ശ്രേയസിനൊപ്പം ക്രീസില്‍.
മൂന്ന് പുതുമുഖങ്ങളുമായാണ് കേരളം ഇറങ്ങിയത്. അഖിന്‍ സത്താര്‍ വയനാട്ടില്‍ നിന്നുള്ള ആദ്യ രഞ്ജി താരമായി. ബിഹാറിന്റെ പിയൂഷ് സിംഗിനും ഇത് ആദ്യ മത്സരമാണ്.