മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ സെമിഫൈനലിലോ ഫൈനലിലോ ഒരിക്കലും തോറ്റിട്ടില്ലെന്ന നോവക് ജോകോവിച്ചിന്റെ അത്യുജ്വല റെക്കോര്‍ഡിന് ഒടുവില്‍ വിരാമം. തന്റെ ഇഷ്ട ടൂര്‍ണമെന്റിലെ പതിനൊന്നാം സെമി ഫൈനലില്‍ ലോക ഒന്നാം നമ്പറിനെ നാലാം സീഡ് യാനിക് സിന്നര്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് ഞെട്ടിച്ചു. സ്‌കോര്‍: 6-1, 6-2, 6-7 (6/8), 6-3.
ഓസ്‌ട്രേലിയന്‍ ഓപണില്‍ 10 തവണ സെമി കളിച്ചപ്പോഴും 10 തവണ ഫൈനല്‍ കളിച്ചപ്പോഴും നോവക്കിന് വിജയമായിരുന്നു. എന്നാല്‍ ഇരുപത്തിരണ്ടുകാരനായ സിന്നര്‍ ആദ്യ രണ്ട് സെറ്റിലും രണ്ടു തവണ വീതം നോവക്കിന്റെ സെര്‍വിസ് തകര്‍ത്തു. മൂന്നാം സെറ്റില്‍ മാച്ച് പോയന്റ് പാഴാക്കിയപ്പോള്‍ നോവക് തിരിച്ചുവരുമെന്ന് കരുതി. എന്നാല്‍ നാലാം സെറ്റില്‍ മേധാവിത്തം തിരിച്ചുപിടിച്ചു. കഴിഞ്ഞ വിംബിള്‍ഡണ്‍ സെമിഫൈനലില്‍ തന്നെ തോല്‍പിച്ച നോവക്കിനെതിരെ അതിനു ശേഷമുള്ള നാല് ഏറ്റുമുട്ടലുകളില്‍ ഇറ്റലിക്കാരന്റെ മൂന്നാം ജയമാണ് ഇത്.
മൂന്നാം സീഡ് ദാനില്‍ മെദവദേവോ ആറാം സീഡും ഒളിംപിക് ചാമ്പ്യനുമായ അലക്‌സാണ്ടര്‍ സ്വരേവോ ആയിരിക്കും ഫൈനലില്‍ സിന്നറുടെ എതിരാളി. സ്വരേവിനെതിരെ അഞ്ചാം സെറ്റില്‍ മെദവദേവ് ലീഡ് ചെയ്യുകയാണ്.
നോവക്കിന്റെ 48ാം ഗ്രാന്റ്സ്ലാം സെമിഫൈനലായിരുന്നു ഇത്. ഇതില്‍ സ്വന്തം റെക്കോര്‍ഡ് മെച്ചപ്പെടുത്തി. എന്നാല്‍ നോവക് ഇതാദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപണില്‍ സെമിയിലെത്താന്‍ 15 മണിക്കൂറിലേറെ കോര്‍ടില്‍ ചെലവിടുന്നത്. ടൂര്‍ണമെന്റില്‍ കഴിഞ്ഞ 33 കളിയും നോവക് ജയിച്ചിരുന്നു.