ഹൈദരാബാദ് - ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് രണ്ടാം ദിനം പിന്നിടുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൂര്‍ണ നിയന്ത്രണം പിടിച്ചു. ഒന്നിന് 119 ല്‍ രണ്ടാം ദിനം ആരംഭിച്ച ആതിഥേയര്‍ ലഞ്ച് കഴിഞ്ഞയുടനെ ലീഡ് സമ്പാദിച്ചിരുന്നു. ഏഴിന് 421 ലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്. മൂന്നു വിക്കറ്റ് ശേഷിക്കെ 175 റണ്‍സ് ലീഡ്. ബാറ്റിംഗ് പ്രയാസകരമായ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇത്രയും സ്‌കോര്‍ ചെയ്യാന്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരക്ക് സാധിക്കുമോയെന്ന് സംശയം. ഇന്നിംഗ്‌സ് ജയമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
രാവിലെ 76 റണ്‍സില്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച യശസ്വി ജയ്‌സ്വാളിന് (80) നാല് പന്തേ അതിജീവിക്കാന്‍ സാധിച്ചുള്ളൂ. ജോ റൂട്ട് സ്വന്തം ബൗളിംഗില്‍ പിടിച്ചു. എന്നാല്‍ ശുഭ്മന്‍ ഗില്ലും (23) കെ.എല്‍ രാഹുലും (86) ശ്രേയസ് അയ്യരും (35) രവീന്ദ്ര ജദേജയും (81 നോട്ടൗട്ട്) ശ്രീകര്‍ ഭരതും (41) ഇന്ത്യയുടെ നില ഭദ്രമാക്കി.
ജയ്‌സ്വാളും രാഹുലും സെഞ്ചുറിക്കരികെ പുറത്തായ ശേഷം ജദേജയുടെ ഊഴമാണ്. ഒപ്പം അക്ഷര്‍ പട്ടേലും (41 നോട്ടൗട്ട്0 ക്രീസിലുണ്ട്. ജദേജ സെഞ്ചുറി തികച്ചാല്‍ ചിലപ്പോള്‍ ഇന്നിംഗ്‌സ് ഇന്ത്യ ഡിക്ലയര്‍ ചെയ്‌തേക്കാം. പുതുമുഖ സ്പിന്നര്‍മാരായ ടോം ഹാര്‍ട്‌ലിയും (25-0-131-2) റിഹാന്‍ അഹ്മദും (23-3-105-1) റണ്ണൊഴുക്കിയതാണ് ഇംഗ്ലണ്ടിന് ക്ഷീണം ചെയ്തത്. രാഹുലിനെ റണ്ണെടുക്കും മുമ്പെ പുറത്താക്കാന്‍ കിട്ടിയ അവസരം വിക്കറ്റ്കീപ്പര്‍ ബെന്‍ ഫോക്‌സ് പാഴാക്കിയതും അവര്‍ക്ക് തിരിച്ചടിയായി.