റിയാദ് - ലിയണല്‍ മെസ്സി-ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ പോരാട്ടത്തിന്റെ ഏറ്റവും പുതിയ എഡിഷന് ഫുട്‌ബോളിന്റെ തലസ്ഥാനമായി മാറുന്ന സൗദി അറേബ്യയില്‍ അരങ്ങുണരുന്നു. 29 ന് ആരംഭിക്കുന്ന റിയാദ് സീസണ്‍ കപ്പിനായി മെസ്സിയുടെ ഇന്റര്‍ മയാമി സംഘം റിയാദിലെത്തി. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അന്നസര്‍, നെയ്മാറിന്റെ അല്‍ഹിലാല്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ബ്രസീലില്‍ വിശ്രമത്തിലായതിനാല്‍ മെസ്സി-നെയ്മാര്‍ പോരാട്ടം കാണാനുള്ള ഭാഗ്യം ആരാധകര്‍ക്കുണ്ടാവില്ല. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ പരിക്ക് ഭേദമായോ എന്നും സംശയമാണ്.
കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ പൂക്കളും അറബിക്കാപ്പിയുമായി ഇന്റര്‍ മയാമി സംഘത്തെ വരവേറ്റു. തിങ്കളാഴ്ച ഹിലാലിനെയും വ്യാഴാഴ്ച അന്നസ്‌റിനെയും ഇന്റര്‍ മയാമി നേരിടും. പ്രി സീസണ്‍ പരിശീലനത്തിന്റെ ഭാഗമായാണ് ഇന്റര്‍ മയാമി ടീം വിദേശ പര്യടനം നടത്തുന്നത്. ഫെബ്രുവരി 21 നാണ് മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ ആദ്യ മത്സരം. ഇന്റര്‍ മയാമി-അന്നസര്‍ പോരാട്ടത്തെ ദ ലാസ്റ്റ് ഡാന്‍സ് (ഒടുവിലത്തെ നടനം) എന്ന പേരിലാണ് മാര്‍ക്കറ്റ് ചെയ്യുന്നത്.
മയാമി തുറമുഖത്ത് പുതിയ ജഴ്‌സിയുടെ അനാഛാദനച്ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷമാണ് ക്ലബ്ബ് സൗദി പര്യടനത്തിന് ഒരുങ്ങിയത്. അന്നസ്ര്‍ ടീമില്‍ റൊണാള്‍ഡൊ ഉണ്ടാവുമോയെന്ന് ഉറപ്പില്ല. റൊണാള്‍ഡോയുടെ പരിക്ക് കാരണം ചൈനയില്‍ നിശ്ചയിച്ച രണ്ട് മത്സരങ്ങള്‍ അവസാന നിമിഷം റദ്ദാക്കി ടീം മടങ്ങിയിരുന്നു.
മെസ്സിയും റൊണാള്‍ഡോയും 35 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 16 തവണ മെസ്സിയുടെയും 10 തവണ റൊണാള്‍ഡോയുടെയും ടീമുകള്‍ ജയിച്ചു. മെസ്സി 21 ഗോളടിച്ചു, 12 ഗോളിന് അവസരമൊരുക്കി. റൊണാള്‍ഡൊ 20 ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.