മെല്‍ബണ്‍ - യോഗ്യതാ റൗണ്ടിലൂടെ മുഖ്യ ടൂര്‍ണമെന്റിനെത്തിയ ശേഷം വന്‍ അട്ടിമറികളുമായി മുന്നേറിയ ഡയാന യസ്‌ട്രെംകയുടെ ഓസ്‌ട്രേലിയന്‍ ഓപണിലെ കുതിപ്പ് സെമിഫൈനലില്‍ അവസാനിച്ചു. പന്ത്രണ്ടാം സീഡ് ചൈനയുടെ ഷെംഗ് ക്വിന്‍ വെന്‍ 6-4, 6-4 ന് സീഡില്ലാ ഉക്രൈന്‍കാരിയെ പിടിച്ചുകെട്ടി. തകര്‍പ്പന്‍ ഫോമിലുള്ള ലോക രണ്ടാം നമ്പര്‍ അരീന സബലങ്കയുമായാണ് ഷെംഗ് ഫൈനലില്‍ ഏറ്റുമുട്ടുക. 2014 ല്‍ ലി നാ കിരീടമുയര്‍ത്തിയ ശേഷം ആദ്യമായാണ് ഒരു ചൈനക്കാരി ഗ്രാന്റ്സ്ലാം ഫൈനലിലെത്തുന്നത്. ഷെംഗിന്റെ ഇതുവരെയുള്ള മികച്ച ഗ്രാന്റ്സ്ലാം പ്രകടനം കഴിഞ്ഞ യു.എസ് ഓപണില്‍ ക്വാര്‍ട്ടറിലെത്തിയതാണ്. അന്ന് സബലങ്കയോട് പൊരുതാനാവാതെ കീഴടങ്ങി. ഇവര്‍ തമ്മിലുള്ള ഏക ഏറ്റുമുട്ടലും അതു തന്നെയാണ്. വമ്പനടിക്കാരായ ഷെംഗും സബലങ്കയും പലപ്പോഴും ഒരുമിച്ചാണ് പരിശീലനം നടത്താറ്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡലുകാരിയാണ് ഷെംഗ്.
സബലങ്കക്ക് കിരീടം നിലനിര്‍ത്താന്‍ വേണ്ടത് ഒരു ജയം കൂടി മാത്രം. ഒന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട സെമിഫൈനലില്‍ നിലവിലെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ പത്തൊമ്പതുകാരി കോക്കൊ ഗഫിനെ ബെലാറൂസുകാരി 7-6 (7/2), 6-4 ന് തോല്‍പിച്ചു. സബലങ്കയെ തോല്‍പിച്ചാണ് കഴിഞ്ഞ യു.എസ് ഓപണില്‍ ഗഫ് ചാമ്പ്യനായത്.
ഇതിനു മുമ്പ് അവസാനം തുടര്‍ച്ചയായി രണ്ടു വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപണ്‍ വനിതാ ഫൈനലിലെത്തിയത് സെറീന വില്യംസാണ്, 2016 ലും 2017 ലും. ടൂര്‍ണമെന്റില്‍ ഇതുവരെ വെറും 19 ഗെയിം മാത്രമേ സബലങ്ക വഴങ്ങിയിട്ടുള്ളൂ.