ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ക്ലാസിക് പോരാട്ടത്തില്‍ തങ്ങളെക്കാള്‍ ഫിഫ റാങ്കിംഗില്‍ നൂറിലേറെ സ്ഥാനം മുന്നിലുള്ള തെക്കന്‍ കൊറിയയെ 3-3 ന് തളച്ച് മലേഷ്യ. ഇഞ്ചുറി ടൈമിന്റെ പതിനഞ്ചാം മിനിറ്റിലെ ഗോളില്‍ വീരോചിത സമനില നേടിയെങ്കിലും നോക്കൗട്ട് കാണാതെ മലേഷ്യ പുറത്തായി. കൊറിയ 26ാം റാങ്കും മലേഷ്യ 130ാം റാങ്കുമാണ്. ജോര്‍ദാനെതിരെ ഇഞ്ചുറി ടൈം ഗോളിലാണ് കൊറിയ സമനിലയുമായി രക്ഷപ്പെട്ടത്.
ഒരുമിച്ച് നടന്ന അവസാന ലീഗ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാടകീയമായി ഗ്രൂപ്പിലെ സ്ഥാനങ്ങള്‍ മാറിമറിഞ്ഞു. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ജോര്‍ദാനെ 1-0 ന് തോല്‍പിച്ച് ബഹ്‌റൈന്‍ ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായി. ബഹ്‌റൈന് രണ്ട് ജയവും ഒരു തോല്‍വിയുമാണ് (6 പോയന്റ്). ഒരു ജയവും രണ്ട് സമനിലയുമായി കൊറിയയാണ് രണ്ടാം സ്ഥാനത്ത് (5). ജോര്‍ദാന്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്തോടെ പ്രി ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു (4). മലേഷ്യ ആദ്യ രണ്ട് കളിയും തോറ്റിരുന്നു, ഒരു പോയന്റേയുള്ളൂ.
ആവേശകരമായിരുന്നു കൊറിയ-മലേഷ്യ മത്സരം. 21ാം മിനിറ്റില്‍ ജോംഗ് വൂ യോംഗ് നേടിയ ഗോളില്‍ കൊറിയ ലീഡ് ചെയ്ത ആദ്യ പകുതിക്കു ശേഷം അഞ്ചു തവണ വല കുലുങ്ങി. 51ാം മിനിറ്റില്‍ ഫൈസല്‍ ഹാലിമിലൂടെ മലേഷ്യ ഗോള്‍ മടക്കി. 11 മിനിറ്റിനു ശേഷം ആരിഫ് അയ്മന്‍ പെനാല്‍ട്ടിയിലൂടെ മലേഷ്യക്ക് ലീഡ് നല്‍കി. എന്നാല്‍ 83ാം മിനിറ്റില്‍ സയാന്‍ ഹസ്മിയുടെ സെല്‍ഫ് ഗോളിലൂടെ കൊറിയ ഒപ്പമെത്തി. 16 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈം സംഭവബഹുലമായിരുന്നു. 94ാം മിനിറ്റില്‍ സോന്‍ ഹ്യുംഗ് മിന്നിലൂടെ കൊറിയ ലീഡ് തിരിച്ചുപിടിച്ചു. 105ാം മിനിറ്റില്‍ റോമന്‍ മൊറാലിസ് നേടിയ ഗോള്‍ തലയുയര്‍ത്തി മടങ്ങാന്‍ മലേഷ്യയെ സഹായിച്ചു.