ഹൈദരാബാദ് - ആക്രമണ ക്രിക്കറ്റിന്റെ ബസ് ബോള്‍ മന്ത്രവുമായി വന്ന ഇംഗ്ലണ്ടിന് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ജസ് ബോളിലൂടെ ഇന്ത്യ മറുപടി നല്‍കി. സ്പിന്നര്‍മാരിലൂടെ ഇംഗ്ലണ്ടിനെ 246 ലൊതുക്കിയ ആതിഥേയര്‍ സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 119 ലെത്തി. മാര്‍ക്ക് വുഡില്‍ നിന്ന് നേരിട്ട ഇന്നിംഗ്‌സിലെ ആദ്യ പന്ത് ബൗണ്ടറിക്ക് പായിക്കുകയും ഒപ്പം ബൗളിംഗ് ഓപണ്‍ ചെയ്ത അരങ്ങേറ്റ സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയുടെ ആദ്യ പന്ത് സിക്‌സറിനുയര്‍ത്തുകയും ചെയ്ത ഓപണര്‍ യശസ്വി ജയ്‌സ്വാളാണ് (70 പന്തില്‍ 76 നോട്ടൗട്ട്) ഇന്ത്യന്‍ കുതിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. ജയ്‌സ്വാള്‍ മൂന്ന് സിക്‌സറും ഒമ്പത് ബൗണ്ടറിയും പായിച്ചതോടെ വെറും 23 ഓവറിലാണ് ഇന്ത്യ ഒന്നിന് 119 ലെത്തിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (24) സ്പിന്നര്‍ ജാക്ക് ലീച്ച് പുറത്താക്കി. ഹാര്‍ട്‌ലി കനത്ത ആക്രമണമാണ് ജയ്‌സ്വാളില്‍ നിന്ന് നേരിട്ടത്. ടെസ്റ്റ് ക്രിക്കറ്റിലെ കന്നി ഓവറില്‍ രണ്ടു തവണ സ്പിന്നര്‍ സിക്‌സറിന് പറന്നു. ഒമ്പതോവറില്‍ 63 റണ്‍സ് വഴങ്ങി. ഇന്ത്യ 39 പന്തില്‍ അമ്പതും 113 പന്തില്‍ നൂറും പിന്നിട്ടു. 47 പന്തില്‍ ജയ്‌സ്വാള്‍ അര്‍ധ ശതകം തികച്ചു.
നേരത്തെ അവസാനം പുറത്തായ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് (70) ഇംഗ്ലണ്ടിനെ 200 കടത്തിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് മികച്ച തുടക്കത്തിനു ശേഷം ആറിന് 137 ലേക്ക് തകര്‍ന്നിരുന്നു. രവീന്ദ്ര ജദേജയെ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സറിനുയര്‍ത്തി അര്‍ധ ശതകം പിന്നിട്ട സ്റ്റോക്‌സ് വാലറ്റത്തോടൊപ്പം പൊരുതി.
സാക് ക്രോളിയും (20) ബെന്‍ ഡക്കറ്റും (35) ഓപണിംഗ് വിക്കറ്റില്‍ 11.5 ഓവറില്‍ 55 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ പിന്നീട് ആര്‍ അശ്വിനും (20-1-61-3) ജദേജയും (18-4-88-3) അക്ഷര്‍ പട്ടേലും (13-1-33-2) ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. സ്‌റ്റോക്‌സിനെയും റിഹാന്‍ അഹമ്മദിനെയും ജസ്പ്രീത് ബുംറ പുറത്താക്കി.
ഒല്ലി പോപ്പും (1) ബെന്‍ ഫോക്‌സും (4) പരാജയപ്പെട്ടു. ജോ റൂട്ടും (29) ജോണി ബെയര്‍സ്‌റ്റോയും (37) ചെറുത്തുനിന്നെങ്കിലും ആറിന് 137 ലേക്ക് ടീം തകര്‍ന്നു. എന്നാല്‍ റിഹാന്‍ അഹ്മദ് (13) അരങ്ങേറ്റക്കാരന്‍ ടോം ഹാര്‍ട്‌ലി (23) മാര്‍ക്ക് വുഡ്് (19) എന്നിവര്‍ക്കൊപ്പം സ്റ്റോക്‌സ് സ്‌കോറുയര്‍ത്തി.