പ്രായത്തെ കീഴടക്കി രോഹന്‍, ഓസ്‌ട്രേലിയന്‍ ഓപണ്‍ ഫൈനലില്‍

മെല്‍ബണ്‍ - ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയയുടെ മാത്യു എബ്ദനും ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ പുരുഷ ഡബ്ള്‍സില്‍ ഫൈനലിലെത്തി. ചെക്-ചൈനീസ് ജോഡി തോമസ് മചാക്-ഷിഷെന്‍ ഷാംഗ് ജോഡിയെ അവര്‍ തോല്‍പിച്ചു. സൈമണ്‍ ബൊളേലി-ആന്ദ്രെ വാവസോറി സഖ്യവും യാനിക് ഹാന്‍ഫ്മാന്‍-ഡൊമിനിക് കോഫര്‍ കൂട്ടുകെട്ടും തമ്മിലാണ് രണ്ടാം സെമിഫൈനല്‍. 
ഒരു ഗ്രാന്റ്സ്ലാം കിരീടമേ രോഹന്‍ ഇതുവരെ നേടിയിട്ടുള്ളൂ. 2017 ലെ ഫ്രഞ്ച് ഓപണില്‍ ഗബ്രിയേല്‍ ദബ്രോവ്‌സ്‌കിക്കൊപ്പം മിക്‌സഡ് ഡബ്ള്‍സ് കിരീടം. പുരുഷ ഡബ്ള്‍സില്‍ രണ്ടു തവണ ഗ്രാന്റ്സ്ലാം ഫൈനലിലെത്തി -2010 ല്‍ പാക്കിസ്ഥാന്റെ അയ്‌സാമുല്‍ ഹഖ് ഖുറൈശിക്കൊപ്പവും 2023 ല്‍ എബ്ദനൊപ്പവും യു.എസ് ഓപണില്‍. രണ്ടു തവണയും തോറ്റു. ഇത് മൂന്നാം അവസരമാണ്. 
ഗ്രാന്റ്സ്ലാം ഫൈനലിലെ പ്രായമേറിയ കളിക്കാരനെന്ന തന്റെ 2-23 ലെ റെക്കോര്‍ഡ് രോഹന്‍ മെച്ചപ്പെടുത്തി. മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായമേറിയ കളിക്കാരനും രോഹനാണ് -ഇന്ത്യന്‍വെല്‍സില്‍ എബ്ദനൊപ്പം 43ാം വയസ്സില്‍ ചാമ്പ്യനായി. 
പുരുഷ ഡബ്ള്‍സില്‍ രോഹന്‍ കഴിഞ്ഞ ദിവസം പ്രായമേറിയ ലോക ഒന്നാം നമ്പറെന്ന റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 43ാം വയസ്സിലാണ് ഈ പദവിയിലെത്തിയത്. അമേരിക്കയുടെ ഓസ്റ്റിന്‍ ക്രായിചെക്കിനെയാണ് രോഹന്‍ മറികടക്കുക. ക്രായിചെക്കും ക്രൊയേഷ്യന്‍ കൂട്ടാളി ഇവാന്‍ ദോദിഖും രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. 
ഡബ്ള്‍സ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹന്‍. മഹേഷ് ഭൂപതി, ലിയാന്‍ഡര്‍ പെയ്‌സ്, സാനിയ മിര്‍സ എന്നിവരാണ് മറ്റുള്ളവര്‍.
 

Latest News