ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ സൗദി അറേബ്യ ഇന്ന് തായ്‌ലന്റിനെയും തെക്കന്‍ കൊറിയ മലേഷ്യയെയും നേരിടും. ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്താണ് സൗദി. ഗ്രൂപ്പ് ഇ-യില്‍ കൊറിയ രണ്ടാം സ്ഥാനത്തും. സൗദി ആദ്യ രണ്ട് കളിയും ജയിച്ച് പ്രി ക്വാര്‍ട്ടറിലെത്തി. തായ്‌ലന്റിനെതിരെ സമനില മതി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്താന്‍. കൊറിയ അവരുടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഇതേ നിലയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചാല്‍ പ്രി ക്വാര്‍ട്ടറിലെ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടത്തില്‍ സൗദിയും കൊറിയയും മുഖാമുഖം വരും. കഴിഞ്ഞ ലോകകപ്പ് കളിച്ച ടീമുകളാണ് രണ്ടും. ഏഷ്യയിലെ മുന്‍നിരക്കാര്‍ ടൂര്‍ണമെന്റില്‍ ഇത്ര നേരത്തെ ഏറ്റുമുട്ടേണ്ടി വരാന്‍ കാരണം കഴിഞ്ഞ റൗണ്ടില്‍ ജോര്‍ദാനോട് കൊറിയ വഴങ്ങിയ സമനിലയാണ്.
സൗദി ടീമിന് ആരെയും പേടിയില്ലെന്ന് കോച്ച് റോബര്‍ടൊ മാഞ്ചീനി പ്രഖ്യാപിച്ചു. കൊറിയയുമായുള്ള പ്രി ക്വാര്‍ട്ടര്‍ ഒഴിവാക്കാന്‍ ശ്രമിക്കില്ല -അദ്ദേഹം പറഞ്ഞു. തെക്കന്‍ കൊറിയ-മലേഷ്യ മത്സരം ഇന്ന് ഉച്ചക്ക് രണ്ടരക്കാണ്. സൗദി-തായ്‌ലന്റ് മത്സരം വൈകുന്നേരം ആറിനും. അതായത് കൊറിയയെ പ്രി ക്വാര്‍ട്ടറില്‍ ഒഴിവാക്കാന്‍ എന്തു വേണമെന്ന് മത്സരത്തിനിറങ്ങും മുമ്പ് സൗദിക്ക് വ്യക്തമായി ബോധ്യമുണ്ടാവും.
ഏതു കളിയും ജയിക്കുക എന്നതിനപ്പുറത്ത് ഒരു കണക്കുകൂട്ടലും സൗദി ടീമിനില്ലെന്ന് മാഞ്ചീനി വ്യക്തമാക്കി. അവസാനം എത്തണമെങ്കില്‍ മികച്ച ടീമുകള്‍ക്കെതിരെ പൊരുതാന്‍ തയാറാവണമെന്ന് മാഞ്ചീനി പറഞ്ഞു.
തെക്കന്‍ കൊറിയയെ പരിശീലിപ്പിക്കുന്നത് ജര്‍മനിയുടെ രോമാഞ്ചം യൂര്‍ഗന്‍ ക്ലിന്‍സ്മാനാണ്. ഇറ്റലിയെ യൂറോപ്യന്‍ ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് മാഞ്ചീനി. രണ്ട് സൂപ്പര്‍ കോച്ചുമാരുടെ ഏറ്റുമുട്ടല്‍ കൂടിയാവും സൗദി-കൊറിയ പോരാട്ടം.