ദോഹ - 2007 ല്‍ അമേരിക്കന്‍ അധിനിവേശം പാരമ്യത്തില്‍ നില്‍ക്കെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ ഇറാഖ് ആ നേട്ടം ആവര്‍ത്തിക്കാനൊരുങ്ങുന്നു. ഏഷ്യന്‍ ഒന്നാം നമ്പര്‍ ജപ്പാന്‍ ഉള്‍പെടുന്ന ഗ്രൂപ്പില്‍ മൂന്നില്‍ മൂന്നു ജയവുമായി അവര്‍ പ്രി ക്വാര്‍ട്ടറില്‍ സ്ഥാനം പിടിച്ചു. അവസാന മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായ ശേഷം വിയറ്റ്‌നാമിനെ 3-2 ന് തോല്‍പിച്ചു. വിയറ്റ്‌നാം ഒരു ഗോളിന് മുന്നില്‍ നില്‍ക്കെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അവരുടെ ഖുവാത് വാന്‍ ഖാംഗ് രണ്ടാം മഞ്ഞക്കാര്‍ഡോടെ പുറത്തായത് കളിയില്‍ വഴിത്തിരിവായി. ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളിലുള്‍പ്പെടെ അയ്മന്‍ ഹുസൈന്‍ രണ്ടു ഗോളടിച്ചു. അഞ്ച് ഗോളുമായി അയ്മന്‍ ടോപ്‌സ്‌കോററാണ്.
കഴിഞ്ഞ കളിയില്‍ ഇറാഖിനോട് തോറ്റതിന്റെ ക്ഷീണം മറന്ന് ഇന്തോനേഷ്യയെ 3-1 ന് തകര്‍ത്ത് ജപ്പാനും പ്രി ക്വാര്‍ട്ടറിലെത്തി. അയാസെ ഉയേദ രണ്ടു ഗോള്‍ നേടി. തോറ്റെങ്കിലും മൂന്നു പോയന്റുള്ള ഇന്തോനേഷ്യ പ്രി ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി.
ഇറാഖിന് ഇത്തവണ ഒമ്പത് പോയന്റുണ്ട്. 2007 ല്‍ അഞ്ച് പോയന്റുമായാണ് അവര്‍ നോക്കൗട്ടിലെത്തിയത്. ജക്കാര്‍ത്തയിലെ ഫൈനലില്‍ അവര്‍ സൗദി അറേബ്യയെ അട്ടിമറിക്കുകയായിരുന്നു.