ന്യൂദല്‍ഹി -ബ്രിട്ടിഷ് സര്‍ക്കാറും ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ശക്തമായി പ്രതികരിച്ചതോടെ ഇംഗ്ലണ്ട് സ്പിന്നര്‍ ശുഐബ് ബഷീറിന് ഇന്ത്യ വിസ അനുവദിച്ചു. വിസ വൈകുകയും ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിക്കാന്‍ ബഷീറിന് നിര്‍ദേശം ലഭിക്കുകയും ചെയ്തതോടെ നാളെയാരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ ഇരുപതുകാരന് കളിക്കാനാവില്ലെന്ന് ഉറപ്പായിരുന്നു. ഇംഗ്ലണ്ട് ടീം അബുദാബിയില്‍ നിന്നാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ബഷീറില്ലാതെ ടീം ഇന്ത്യയിലേക്ക് തിരിച്ച ശേഷവും അബുദാബിയില്‍ വിസക്കായി തങ്ങുകയായിരുന്നു സ്പിന്നര്‍. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ലണ്ടനില്‍ ഹൈക്കമ്മീഷനെ സമീപിക്കണമെന്ന് നിര്‍ദേശമുണ്ടായതോടെ ബ്രിട്ടനിലേക്ക് മടങ്ങി.
എല്ലാ ഇംഗ്ലണ്ട് കളിക്കാരെയും ഒരേ രീതിയില്‍ പരിഗണിക്കണമെന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ പ്രതികരിച്ചു. ബഷീറിന് വിസ ലഭിക്കാന്‍ വൈകിയതോടെ ഇന്ത്യയിലേക്കുള്ള യാത്ര മാറ്റി വെക്കാന്‍ ഒരുങ്ങിയെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകന്‍ ബെന്‍ സ്‌റ്റോക്‌സ് പറഞ്ഞു. ടെസ്റ്റ് ടീമിലെ അരങ്ങേറ്റത്തില്‍ ഇതുപോലൊരു സാഹചര്യം ബഷീറിന് ഉണ്ടായതോടെ ക്യാപ്റ്റനെന്ന നിലയില്‍ തകര്‍ന്നു പോയി. ചെറിയ പയ്യനാണ് അയാള്‍, ഡിസംബര്‍ മധ്യത്തില്‍ ഞങ്ങള്‍ ടീം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും അവസാന നിമിഷവും വിസ ലഭിച്ചില്ല -സ്റ്റോക്‌സ് പറഞ്ഞു.
അബുദാബിയിലെ ക്യാമ്പിനിടയിലാണ് വിസ വൈകുന്ന കാര്യം അറിഞ്ഞത്. ബഷീറിന് വിസ ലഭിക്കുന്നതു വരെ ഇന്ത്യന്‍ യാത്ര മാറ്റി വെക്കണമെന്നാണ് ഞാന്‍ ചിന്തിച്ചത്. അത് അല്‍പം കടന്ന പ്രതികരണമാവുമെന്ന് തോന്നി. വിസ പ്രശ്‌നത്തില്‍ പര്യടനം മാറ്റി വെക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. എന്നാല്‍ ഞങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് ബഷീറിന് അറിയാം -സ്‌റ്റോക്‌സ് പറഞ്ഞു.
തീര്‍ച്ചയായും ബഷീറിനോട് അനുകമ്പയുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പ്രതികരിച്ചു. എന്നാല്‍ ഞാനിരിക്കുന്നത് വിസ ഓഫീസിലല്ലല്ലോ, അതിനാല്‍ കൂടുതലൊന്നും പറയാനാവില്ല -രോഹിത് പറഞ്ഞു.