ആടുജീവിതം സെക്കന്റ് ലുക്ക് പോസ്റ്ററും ശ്രദ്ധേയം

പ്രേക്ഷകർ എറെ നാളായി കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രം ആടുജീവിതത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും ശ്രദ്ധേയമായി. ചിത്രത്തിലെ നായകനായ നജീബിന്റെ വേഷത്തിൽ എത്തുന്ന പൃഥ്വിരാജിന്റെ കണ്ണുനീർ പൊഴിക്കുന്ന ദൈന്യത നിറഞ്ഞ മുഖമാണ് പോസ്റ്ററിൽ. ബോളിവുഡ് താരം രൺവീർ സിംഗ് ആണ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. നേരത്തെ പ്രഭാസ് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബെസ്റ്റ്‌സെല്ലറായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ 2008ലാണ് ആരംഭിച്ചത്. ദീർഘനാൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14 നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു പ്രധാനമായും ഷൂട്ട് ചെയ്തത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബിനെ അവതരിപ്പിക്കുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ അമ്പരപ്പിക്കുന്നതായിരുന്നു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ.ആർ. ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്, പി.ആർ.ഒ ആതിര ദിൽജിത്ത്.

Latest News