ഹൈദരാബാദ് -ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന വിരാട് കോലിക്കു പകരം മധ്യപ്രദേശ് ബാറ്റര്‍ രജത് പട്ടിധാറിനെ ഇന്ത്യന്‍ ടീമിലുള്‍പെടുത്തി. പട്ടിധാര്‍ ഇന്ത്യ എ ടീമിന്റെ ഭാഗമായി അഹമ്മദാബാദില്‍ ഇംഗ്ലണ്ട് ലയണ്‍സിനെ നേരിടുകയായിരുന്നു. കോലി പിന്മാറിയതോടെ ഇന്ത്യന്‍ ടീമില്‍ റിസര്‍വായി സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ഇല്ലായിരുന്നു. 2000 നു ശേഷം 30 കഴിഞ്ഞ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ ആറു പേര്‍ക്കേ സാധിച്ചിട്ടുള്ളൂ. പട്ടിധാര്‍ മുപ്പത്തിനോടടുക്കുകയാണ്.
ലയണ്‍സിനെതിരെ 158 പന്തില്‍ 151 റണ്‍സടിച്ചാണ് പട്ടിധാര്‍ സീനിയര്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അമ്പതിനടുത്ത് ശരാശരിയും 12 സെഞ്ചുറിയുമുണ്ട്. ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിനത്തില്‍ അരങ്ങേറിയിരുന്നു.
വ്യാഴാഴ്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ കെ.എല്‍ രാഹുല്‍ വിക്കറ്റ്കീപ്പറായിരിക്കില്ലെന്ന് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. ഇതോടെ കെ.എസ് ഭരത്, ധ്രുവ് ജൂറല്‍ എന്നിവരിലൊരാള്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്ന് ഉറപ്പായി.
സ്പിന്‍ പിച്ചില്‍ രാഹുലിന് വിക്കറ്റ്കീപ്പിംഗ് പ്രയാസമായിരിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നാല് ടെസ്റ്റിലും വിക്കറ്റ് കാത്ത ഭരതിനാണ് സാധ്യത.