ഓസ്‌ട്രേലിയന്‍ ഓപണ്‍: ചൈനീസ് 'ക്വീന്‍' സെമിയില്‍

മെല്‍ബണ്‍ - ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം സീഡില്ലാ റഷ്യക്കാരി അന്ന കാലിന്‍സ്‌കായയെ തോല്‍പിച്ച് പന്ത്രണ്ടാം സീഡ് ചൈനയുടെ ഷെംഗ് ക്വിന്‍ വെന്‍ ഓസ്ട്രലിയന്‍ ഓപണ്‍ ടെന്നിസിന്റെ സെമിഫൈനലിലെത്തി. യോഗ്യതാ റൗണ്ടിലൂടെ വന്ന ഉക്രൈന്‍കാരി ഡയാന യെസ്‌ട്രെംസ്‌കയുമായി 'ക്വീന്‍ വെന്‍' സെമി കളിക്കും. 
എട്ടാം ഗ്രാന്റ്സ്ലാം കളിക്കുന്ന ക്വിന്‍ വെന്‍ ആദ്യമായാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കുന്നത്. രണ്ടര മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ ഇരുപത്തൊന്നുകാരി 6-7 (4/7), 6-3, 6-1 ന് കാലിന്‍സ്‌കായയെ കീഴടക്കി. ക്വിന്‍ വെന്‍ പുതിയ റാങ്കിംഗില്‍ ആദ്യ പത്തിലെത്തും.
രണ്ടു തവണ ഫൈനലില്‍ തോറ്റ ഡാനില്‍ മെദ്‌വദേവ് തന്റെ നൂറാം ഗ്രാന്റ്സ്ലാം മത്സരത്തില്‍  7-6 (7/4), 2-6, 6-3, 5-7, 6-4 ന് ഒമ്പതാം സീഡ് ഹ്യൂബര്‍ട് ഹുര്‍കാസിനെ തോല്‍പിച്ചു. എട്ടാം ഗ്രാന്റ്സ്ലാം സെമി ഫൈനല്‍ കളിക്കുന്ന മെദ്‌വദേവ് ഒരു കിരീടമേ നേടിയിട്ടുള്ളൂ, 2021 ലെ യു.എസ് ഓപണ്‍. 2021 ലും 2022 ലും ഓസ്‌ട്രേലിയന്‍ ഓപണില്‍ ഫൈനലില്‍ തോറ്റു.
 

Latest News