ഹൈദരാബാദ് - ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ നാല് സ്പിന്നര്‍മാരെ ഉള്‍പെടുത്തി ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിച്ചു. മാര്‍ക്ക് വുഡ് മാത്രമാണ് ടീമിലെ ഏക പെയ്‌സ്ബൗളര്‍. ജെയിംസ് ആന്‍ഡേഴ്‌സനെ ഒഴിവാക്കി. ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ഇല്ലാതിരുന്ന ഒല്ലി പോപ്പ്, ബെന്‍ ഫോക്‌സ്, റിഹാന്‍ അഹമ്മദ്, ജാക്ക് ലീച്ച് എന്നിവര്‍ തിരിച്ചെത്തി. ടോം ഹാര്‍ട്‌ലി അരങ്ങേറും.
ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കളിക്കുക സോമര്‍സെറ്റ് ഓഫ്‌സ്പിന്നര്‍ ശുഐബ് ബഷീര്‍ ഇല്ലാതെ. പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയ മാതാപിതാക്കള്‍ക്ക് ഇംഗ്ലണ്ടിലെ സറെയില്‍ ജനിച്ച ബഷീറിന് ഇന്ത്യന്‍ വിസ ഇതുവരെ ലഭിച്ചില്ല. അബുദാബിയില്‍ ക്യാമ്പ് കഴിഞ്ഞാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലേക്ക് തിരിച്ചത്. ഇരുപതുകാരന്‍ അബുദാബിയില്‍ വിസ കാത്ത് കഴിയുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി വിസ പ്രശ്‌നം പരിഹരിക്കാനാണ് ബഷീറിന് കിട്ടിയ നിര്‍ദേശം. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് പോകാനാണ് ബഷീറിനോട് പറഞ്ഞിരിക്കുന്നത്.