മയാമി - മയാമി തുറമുഖത്ത് പുതിയ ജഴ്‌സിയുടെ അനാഛാദനച്ചടങ്ങ് പൂര്‍ത്തിയാക്കിയ ശേഷം ലിയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി ക്ലബ്ബ് സൗദി പര്യടനത്തിന് ഒരുങ്ങി. ഒരു ഷിപ്പിംഗ് കമ്പനിയാണ് പുതിയ ജഴ്‌സി സ്‌പോണ്‍സര്‍ ചെയ്യുന്നത്. ലോകത്തെ ഏറ്റവും നീളമുള്ള കപ്പലിന് പേരിടല്‍ ചടങ്ങില്‍ കളിക്കാര്‍ പങ്കെടുത്തു. 1198 അടിയാണ് കപ്പലിന്റെ നീളം. കപ്പലിന്റെ അമരത്ത് പന്ത് വെക്കുന്ന ചടങ്ങിന് മെസ്സി നേതൃത്വം നല്‍കി.
ഈ കപ്പലിന് പേരിടുന്ന ചടങ്ങ് വലിയ അംഗീകാരമായി കാണുന്നു. ഐകണ്‍ ഓഫ് ദ സീസ് എന്ന് കപ്പല്‍ അറിയപ്പെടും. കപ്പലിനെയും അതില്‍ യാത്ര ചെയ്യുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ -മെസ്സി പറഞ്ഞു. കറുത്ത നിറത്തിലുള്ളതാണ് പുതിയ സീസണിലേക്കുള്ള ഇന്റര്‍ മയാമി ജഴ്‌സി.
സൗദിയില്‍ 29 ന് അല്‍ഹിലാലുമായും ഫെബ്രുവരി ഒന്നിന് അന്നസ്‌റുമായും ഇന്റര്‍ മയാമി പ്രി സീസണ്‍ മത്സരം കളിക്കും. അന്നസ്ര്‍ ടീമില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ഉണ്ടാവുമോയെന്ന് ഉറപ്പില്ല. റൊണാള്‍ഡോയുടെ പരിക്ക് കാരണം ചൈനയില്‍ നിശ്ചയിച്ച രണ്ട് മത്സരങ്ങള്‍ അവസാന നിമിഷം റദ്ദാക്കി ടീം മടങ്ങിയിരുന്നു.
മെസ്സിയും റൊണാള്‍ഡോയും 35 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 16 തവണ മെസ്സിയുടെയും 10 തവണ റൊണാള്‍ഡോയുടെയും ടീമുകള്‍ ജയിച്ചു. മെസ്സി 21 ഗോളടിച്ചു, 12 ഗോളിന് അവസരമൊരുക്കി. റൊണാള്‍ഡൊ 20 ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.