Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബെന്‍സീമക്കെതിരെ അച്ചടക്ക  നടപടി, പരിശീലനം ഒറ്റക്ക്

ജിദ്ദ - ബാലന്‍ഡോര്‍ ജേതാവ് കരീം ബെന്‍സീമയെ പ്രധാന ടീമിനൊപ്പം പരിശീലനം നടത്താന്‍ അനുവദിക്കാതെ സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദ്. ഇത്തിഹാദ് ടീമിന്റെ ക്യാമ്പ് ദുബായില്‍ പുരോഗമിക്കുകയാണ്. ബെന്‍സീമ ജിദ്ദയില്‍ ഒറ്റക്ക് പരിശീലനത്തിലാണ്. 
ഫ്രഞ്ച് ഫോര്‍വേഡ് അവധി കഴിഞ്ഞ് നിശ്ചയിച്ചതിലും 17 ദിവസം പിന്നിട്ടപ്പോഴാണ് ഇത്തിഹാദില്‍ തിരിച്ചെത്തിയത്. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ക്ലബ്ബധികൃതരുമായും അര്‍ജന്റീനക്കാരനായ കോച്ച് മാഴ്‌സെലൊ ഗലാഡോയുമായും നടത്തിയ ചര്‍ച്ച വാക്കേറ്റത്തിലാണ് കലാശിച്ചത്. വലിയ സമ്മര്‍ദ്ദമാണ് നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ തനിക്ക് മികച്ച പ്രകടനം നടത്താനാവില്ലെന്നുമാണ് ബെന്‍സീമയുടെ നിലപാട്. ബെന്‍സീമയെ ടീമില്‍ വേണ്ടെന്ന് കോച്ചും പറയുന്നു. തല്‍ക്കാലം ക്ലബ്ബ് വിടണമെന്നാണ് ഇത്തിഹാദ് മുപ്പത്താറുകാരന് നല്‍കിയ നിര്‍ദേശം. മറ്റൊരു സൗദി പ്രൊ ലീഗ് ക്ലബ്ബിലേക്ക് മാറാമെന്ന നിര്‍ദേശം ബെന്‍സീമ തള്ളി. ചെല്‍സിയാണ് ഇപ്പോള്‍ താരത്തെ ടീമിലെടുക്കാനായി മുന്നിലുള്ളത്. ബെന്‍സീമയുടെ പഴയ ക്ലബ്ബ് ഫ്രാന്‍സിലെ ലിയോണ്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും പ്രതിഫലം താങ്ങാനാവാതെ പിന്മാറി. വര്‍ഷം 10 കോടി യൂറോ പ്രതിഫലത്തിലാണ് ബെന്‍സീമയുമായി ഇത്തിഹാദ് മൂന്നു വര്‍ഷത്തെ കരാറിലെത്തിയത. 
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതായി സൂചനയുണ്ട്. മുപ്പത്താറുകാരന്റെ പ്രായവും ഉയര്‍ന്ന പ്രതിഫലവുമാണ് യുനൈറ്റഡിനെ പിന്തിരിപ്പിച്ചത്. 2004 ല്‍ ലിയോണിലാണ് ബെന്‍സീമ അരങ്ങേറിയത്. അവര്‍ക്കൊപ്പം നാലു തവണ ഫ്രഞ്ച് ലീഗ് ചാമ്പ്യനായിരുന്നു. 
ബാലന്‍ഡോര്‍ നേടിയ വര്‍ഷം ബെന്‍സീമ റയല്‍ മഡ്രീഡ് വിട്ടത് വലിയ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ഇത്തിഹാദിന് വേണ്ടി 12 ഗോളടിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്ന് നിരന്തര വിമര്‍ശനമുയര്‍ന്നു. 
ഫെബ്രുവരി നാലിന് ഇത്തിഹാദ് അടുത്ത മത്സരം കളിക്കാനിരിക്കെ ഈ സാഹചര്യം തുടരാനാവില്ലെന്ന നിലപാടാണ് ക്ലബ്ബ് മാനേജ്‌മെന്റിന്. 
സൗദി പ്രൊ ലീഗിന്റെ സീസണ്‍ പാതി ഇടവേളയിലാണ് മുപ്പത്താറുകാരന്‍ അവധിക്ക് പോയത്. 7.6 കോടി പേര്‍ പിന്തുടരുന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വരെ മൗറിഷ്യസിലായിരുന്നു ബെന്‍സീമയെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകിട്ടാണ് ജിദ്ദയില്‍ തിരിച്ചെത്തിയത്. ഈ മാസം രണ്ടിന് തിരികെയെത്തേണ്ടതായിരുന്നു. പത്ത് ദിവസത്തോളം ബെന്‍സീമയെ ബന്ധപ്പെടാന്‍ ക്ലബ്ബധികൃതര്‍ക്കോ കോച്ചിനോ സാധിച്ചിരുന്നില്ല. 
നിലവിലെ ചാമ്പ്യന്മാരായ ഇത്തിഹാദ് ലീഗില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. ഡിസംബറില്‍ മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റു. ഫെബ്രുവരി ഏഴിനാണ് ലീഗ് പുനരാരംഭിക്കുന്നത്. ബെന്‍സീമയുമായി സ്വരച്ചേര്‍ച്ചയില്ലാതായതോടെയാണ് നൂനൊ എസ്പിരിറ്റോയെ പരിശീലക സ്ഥാനത്തു നിന്ന് ഇത്തിഹാദ് പുറത്താക്കിയത്. മാഴ്‌സെലൊ ഗലാഡോയാണ് ഇപ്പോള്‍ കോച്ച്.
 

Latest News