ഹൈദരാബാദ് -ഇംഗ്ലണ്ടിനെതിരെ വ്യാഴാഴ്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ കെ.എല്‍ രാഹുല്‍ വിക്കറ്റ്കീപ്പറായിരിക്കില്ലെന്ന് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ്. ഇതോടെ കെ.എസ് ഭരത്, ധ്രുവ് ജൂറല്‍ എന്നിവരിലൊരാള്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്ന് ഉറപ്പായി.
സ്പിന്‍ പിച്ചില്‍ രാഹുലിന് വിക്കറ്റ്കീപ്പിംഗ് പ്രയാസമായിരിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നാല് ടെസ്റ്റിലും വിക്കറ്റ് കാത്ത ഭരതിനാണ് സാധ്യത.
ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനിന്ന വിരാട് കോലിക്കു പകരം ആര് എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തണം. രജത് പട്ടിധാര്‍, ചേതേശ്വര്‍ പൂജാര, സര്‍ഫറാസ് ഖാന്‍, ബി സായ്‌സുദര്‍ശന്‍ എന്നിവരിലൊരാളെ ടീമിലെടുത്തേക്കുമെന്നാണ് സൂചന.