ഷെന്‍ഷന്‍ - ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ ചൈനീസ് മണ്ണില്‍ കളിക്കുന്നതു കാണാന്‍ ചൈനീസ് ആരാധകര്‍ക്ക് ലഭിച്ച അപൂര്‍വ അവസരം പതിനൊന്നാം മണിക്കൂറില്‍ റദ്ദായി. രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനായി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അന്നസ്ര്‍ ടീം ചൈനയിലെത്തിയിരുന്നു. നാളെ ഷാംഗ്ഹായ് ഷെന്‍ഹുവയുമായും ഞായറാഴ്ച ഷെജിയാംഗുമായുമാണ് അന്നസ്ര്‍ ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാല്‍ പരിക്കേറ്റ റൊണാള്‍ഡൊ കളിക്കില്ലെന്ന് വ്യക്തമായതോടെ മത്സരങ്ങള്‍ മാറ്റി വെച്ചു. പരിക്ക് തനിക്ക് നിയന്ത്രണമില്ലാത്ത കാര്യമാണെന്നും മത്സരം നീട്ടിവെക്കേണ്ടിവന്നതില്‍ ദുഃഖമുണ്ടെന്നും റൊണാള്‍ഡൊ പറഞ്ഞു.
ചൈനയിലെത്തിയതു മുതല്‍ സ്വന്തം ജനങ്ങള്‍ക്കിടയിലെന്ന പോലെയുള്ള അനുഭവമായിരുന്നു. പരിക്കു കാരണം കളിക്കാനാവാത്തതില്‍ അതീവ ദുഃഖമുണ്ട്. ചൈനയില്‍ കളിക്കുക എന്നത് എന്റെ ലക്ഷ്യമാണ്. ഞാനും ടീമും ചൈനീസ് ആരാധകരെ സന്തോഷിപ്പിക്കാനായി തിരിച്ചെത്തും -റൊണാള്‍ഡൊ പറഞ്ഞു. ചൈനക്ക് രണ്ടാം വീടാണ്. എന്നോടുള്ള സ്‌നേഹം കൊണ്ടു മാത്രമല്ല അത്, ചൈനീസ് ജനതയുടെ സംസ്‌കാരം അത്ര ഇഷ്ടമാണ്. ഈ കളി റദ്ദാക്കുന്നതല്ല, ഞങ്ങള്‍ തിരിച്ചുവരും - -റൊണാള്‍ഡൊ ഉറപ്പ് നല്‍കി.
മത്സരങ്ങളുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. ടിക്കറ്റെടുത്ത എല്ലാവര്‍ക്കും തുക തിരിച്ചുനല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. പേശിവേദനയോടെയാണ് ക്രിസ്റ്റിയാനൊ ചൈനയില്‍ എത്തിയത്.
ഈ വര്‍ഷം ഇതുവരെ അന്നസ്‌റിനു വേണ്ടി ക്രിസ്റ്റിയാനൊ കളത്തിലിറങ്ങിയിട്ടില്ല. സീസണിന്റെ രണ്ടാം അര്‍ധപാതത്തിന് മുന്നോടിയായി ടീം ശക്തിപ്പെടുത്താനാണ് അന്നസ്ര്‍ സൗഹൃദ മത്സരം കളിക്കുന്നത്. ഇത് ഇന്റര്‍നാഷനല്‍ ഇടവേളയാണ്.