ദോഹ - ഒരു കളി പോലും ജയിക്കാതെ, ഒരു ഗോള്‍ പോലുമടിക്കാതെ, മൂന്നു കളിയും തോറ്റ് ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ വിടവാങ്ങി. സിറിയയുമായുള്ള അവസാന മത്സരത്തില്‍ ജയിച്ചാലേ ഇന്ത്യക്ക് നോക്കൗട്ട് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. എന്നാല്‍ 76ാം മിനിറ്റില്‍ ഉമര്‍ ഖര്‍ബീന്‍ നേടിയ ഗോളില്‍ സിറിയ 1-0 ന് ജയിച്ചു. 2017 മുതല്‍ 2021 വരെ സൗദി ക്ലബ്ബ് അല്‍ഹിലാലിന്റെ ആക്രമണം നയിച്ച ഖര്‍ബീന്‍ ഇപ്പോള്‍ യു.എ.ഇയില്‍ ശബാബ് അല്‍അഹ്‌ലിയില്‍ ലോണിലാണ്. 2019 ലെ കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഒരു കളി ജയിച്ചിരുന്നു.
സിറിയക്ക് ആവശ്യത്തിന് പകരക്കാരില്ലെന്നും അവസാന അര മണിക്കൂറില്‍ പകരക്കാരെ കളത്തിലിറക്കി കളി പിടിക്കാമെന്നുമായിരുന്നു ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ സ്വപ്നം. എന്നാല്‍ കളി തീരാന്‍ 14 മിനിറ്റ്് ശേഷിക്കെ സിറിയ സ്‌കോര്‍ ചെയ്തു. സിറിയ നോക്കൗട്ട് ഏതാണ്ടുറപ്പാക്കി. ഗ്രൂപ്പ് ബി-യില്‍ നിന്ന് ഓസ്‌ട്രേലിയ നേരത്തെ പ്രി ക്വാര്‍ട്ടറിലെത്തിയിരുന്നു. അവസാന ലീഗ് മത്സരത്തില്‍ ഓസ്‌ട്രേലിയയുമായി സമനില നേടിയ ഉസ്‌ബെക്കിസ്ഥാനും മുന്നേറി. ഓസ്‌ട്രേലിയക്ക് ഏഴും ഉസ്‌ബെക്കിസ്ഥാന് അഞ്ചും സിറിയക്ക് നാലും പോയന്റാണ്. ഇന്ത്യ പോയന്റില്ലാതെ മടങ്ങി.
ഉസ്‌ബെക്കിസ്ഥാനെതിരെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലെ പെനാല്‍്ട്ടിയിലൂടെ മാര്‍ടിന്‍ ബോയല്‍ ഓസ്‌ട്രേലിയക്ക് ലീഡ് നല്‍കി. എഴുപത്തെട്ടാം മിനിറ്റില്‍ അസീസ്‌ബെക് തുര്‍ഗുന്‍ബോയേവാണ് ഗോള്‍ മടക്കിയത്.