റിയാദ് - അല്‍അവ്വല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ രണ്ടാം പകുതി തുടങ്ങും മുമ്പ് കളിക്കാര്‍ ആദരാഞ്‌ലിക്കായി അണിനിരന്നപ്പോള്‍ കാണികള്‍ അമ്പരന്നു. എന്താണ് സംഭവിച്ചതെന്ന ആര്‍ക്കും മനസ്സിലായില്ല. അന്തരിച്ച ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ജീജി റിവയുടെ ചിത്രം സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സിയാവൊ റിവ (വിട, റിവ) എന്നാണ് അതില്‍ എഴുതിയിരുന്നത്. ഏതോ കളിക്കാരന്റെ നേട്ടങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് കരുതി കാണികളില്‍ പലരും കൈയടിച്ചു.
ഇറ്റലിക്കു വേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരനായ ജിജി റിവ അന്തരിച്ച വാര്‍ത്തയറിഞ്ഞാണ് കളിക്കാര്‍ മൗനമാചരിച്ചത്. ഇറ്റലിക്കു വേണ്ടി 42 മത്സരങ്ങളില്‍ 35 ഗോളടിച്ച അദ്ദേഹം ദേശീയ ടീമിലെ ടോപ്‌സ്‌കോററായിരുന്നു.
അര്‍ജന്റീനക്കാരനായ സൂപ്പര്‍സ്റ്റാര്‍ ലൗതാരൊ മാര്‍ടിനേസ് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ഇന്റര്‍ മിലാന്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ നാപ്പോളിയെ ഇന്റര്‍ 1-0 ന് തോല്‍പിച്ചു.