റിയാദ് - അര്‍ജന്റീനക്കാരനായ സൂപ്പര്‍സ്റ്റാര്‍ ലൗതാരൊ മാര്‍ടിനേസ് ഇഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ ഇന്റര്‍ മിലാന്‍ ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി. റിയാദ് അല്‍അവ്വല്‍ പാര്‍ക്കില്‍ നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ ലീഗ് ചാമ്പ്യന്മാരായ നാപ്പോളിയെ ഇന്റര്‍ 1-0 ന് തോല്‍പിച്ചു. ഈ സീസണില്‍ ഇറ്റാലിയന്‍ ഫുട്‌ബോളിലെ ആദ്യ ട്രോഫിയാണ് ഇത്.
അര മണിക്കൂറോളം പത്തു പേരുമായി കളിച്ച നാപ്പോളി എക്‌സ്ട്രാ ടൈമിലേക്ക് കളി നീട്ടുമെന്ന ഘട്ടത്തിലാണ് ഇഞ്ചുറി ടൈമിന്റെ ആദ്യ മിനിറ്റില്‍ ലൗതാരൊ സ്‌കോര്‍ ചെയ്തത്. അഞ്ച് മിനിറ്റിനിടെ രണ്ട് മഞ്ഞക്കാര്‍ഡ് കിട്ടി ജിയോവാനി സെമിയോണി പുറത്താവുകയായിരുന്നു.
ഗോളടിച്ച ശേഷം കുപ്പായമൂരിയ ലൗതാരൊ കളിക്കളത്തിന്റെ മറുതലക്കലുള്ള ഇന്റര്‍ ആരാധകരുടെ മുന്നിലേക്ക് ഓടിയത് ആഹ്ലാദകരമായ കാഴ്ചയായി. ഇന്ററിന് ഇത് സൂപ്പര്‍ കപ്പ് ഹാട്രിക്കാണ്. കഴിഞ്ഞ രണ്ടു തവണയും സൗദിയില്‍ അവരാണ് കിരീടമുയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം എ.സി മിലാനെയും അതിന് മുമ്പ് യുവന്റസിനെയും തോല്‍പിച്ചു.
ഫിയറന്റീനയെ തോല്‍പിച്ചാണ് നാപ്പോളി ഫൈനലിലെത്തിയത്. ലാസിയോയെ ഇന്റര്‍ തോല്‍പിച്ചു, രണ്ടും 3-0 ന്.
വാള്‍ടര്‍ മസാരിയുടെ കോച്ചിംഗില്‍ നാപ്പോളിയുടെ അവസാന മത്സരമായേക്കും ഇത്. ജോസെ മൗറിഞ്ഞോയെ പരിശീലകനാക്കാനുള്ള ചര്‍ച്ച നടക്കുകയാണ്.