കാഗ്‌ലിയാരി - ഇറ്റലിക്കു വേണ്ടി ഏറ്റവുമധികം ഗോളടിച്ച കളിക്കാരനായ ജിജി റിവ 79ാം വയസ്സില്‍ അന്തരിച്ചു. ഷോട്ടുകളുടെ പ്രകമ്പനം കാരണം ഇടിമുഴക്കം എന്നാണ് റിവ അറിയപ്പെട്ടിരുന്നത്. ഇറ്റലിക്കു വേണ്ടി 42 മത്സരങ്ങളില്‍ 35 ഗോളടിച്ചു. ഞായറാഴ്ച വീട്ടില്‍ കുഴഞ്ഞു വീണ റിവയെ ബ്രോറ്റ്‌സു ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ ആന്‍ജിയൊപ്ലാസ്റ്റി ചെയ്യാനിരിക്കെയാണ് മരണം.
സാര്‍ദീനിയ മേഖലയിലെ കാഗ്‌ലിയാരി ക്ലബ്ബിലാണ് കരിയറില്‍ ഏതാണ്ടുടനീളം റിവ ചെലവിട്ടത്. ടീനേജ് പ്രായത്തില്‍ ക്ലബ്ബില്‍ ചേര്‍ന്ന അദ്ദേഹം വലിയ ഓഫറുകള്‍ ഉണ്ടായിട്ടും മറ്റു ക്ലബ്ബുകളിലേക്ക് പോയില്ല. റീവ ഉജ്വല ഫോമിലുള്ള കാലഘട്ടത്തില്‍ കാഗ്‌ലിയാരി തിരിച്ചടികള്‍ നേരിടുമ്പോഴും അദ്ദേഹം ക്ലബ്ബില്‍ തുടര്‍ന്നു.
കാഗ്‌ലിയാരി ഒരേയൊരിക്കല്‍ ഇറ്റാലിയന്‍ ലീഗ് കിരീടം നേടിയത് റീവ കളിക്കുമ്പോഴാണ്, 1970ല്‍. ക്ലബ്ബിനു വേണ്ടി 374 കളികളില്‍ റെക്കോര്‍ഡായ 205 ഗോളടിച്ചിട്ടുണ്ട്. 1986-87 ല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തിയ റീവ പിന്നീട് ഓണററി പ്രസിഡന്റായി തുടര്‍ന്നു. എന്നെന്നും റീവ എന്ന ഒരൊറ്റ സന്ദേശമാണ് കാഗ്‌ലിയാരി അനുശോചനമായി പോസ്റ്റ് ചെയ്തത്.
1968 ല്‍ ഇറ്റലി യൂറോപ്യന്‍ ചാമ്പ്യന്മാരായതും രണ്ടു വര്‍ഷത്തിനു ശേഷം മെക്‌സിക്കോയിലെ ലോകകപ്പ് ഫൈനലില്‍ പെലെയുടെ ബ്രസീലിനോട് ഫൈനലില്‍ തോറ്റതും റീവ കളിക്കുമ്പോഴാണ്. 1990 മുതല്‍ 2013 വരെ ഇറ്റലിയുടെ ടീം മാനേജറായി പ്രവര്‍ത്തിച്ചു. 2006 ല്‍ ഇറ്റലി നാലാം തവണ ലോക ചാമ്പ്യന്മാരായത് ഇക്കാലത്താണ്.
ലോക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ ഫ്രാന്‍സ് ബെക്കന്‍ബവറും മാരിയൊ സഗാലോയും വിടപറഞ്ഞിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ.