ഡാളസ് - പ്രി സീസണ്‍ സൗഹൃദ മത്സരത്തില്‍ ഡാളസിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റ ക്ഷീണത്തില്‍ ലിയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി ടീം സൗദി അറേബ്യയിലേക്ക് തിരിക്കും. വെള്ളിയാഴ്ച ആദ്യ പ്രി സീസണ്‍ മത്സരത്തില്‍ എല്‍സാല്‍വഡോര്‍ ദേശീയ ടീമുമായി ഇന്റര്‍ മയാമി ഗോള്‍രഹിത സമനില പാലിച്ചിരുന്നു. റിയാദില്‍ മെസ്സിയും സംഘവും രണ്ട് മത്സരങ്ങള്‍ കളിക്കും. തിങ്കളാഴ്ച അല്‍ഹിലാലിനെയും ഫെബ്രുവരി ഒന്നിന് അന്നസ്‌റിനെയും നേരിടും. മത്സരങ്ങള്‍ അന്നസ്‌റിന്റെ സ്റ്റേഡിയമായ അല്‍അവ്വല്‍ പാര്‍ക്കിലാണ്. അന്നസ്ര്‍-മയാമി പോരാട്ടം മെസ്സിയും ക്രിസ്റ്റിയാനൊ റൊണാള്‍ഡോയും തമ്മിലുള്ള മുഖാമുഖം കൂടി ആയേക്കാം. നേരിയ പരിക്കുള്ള റൊണാള്‍ഡൊ സുഖം പ്രാപിക്കുമോയെന്ന് വ്യക്തമല്ല.
ഡാളസിനെതിരെ ഇന്റര്‍ മയാമി ആധിപത്യം പുലര്‍ത്തിയെങ്കിലും വിജയം നേടാനായില്ല. മത്സരത്തില്‍ രണ്ടാം പകുതിയുടെ 15ാം മിനിറ്റ് വരെ മെസ്സി കളിച്ചു. മൂന്ന് ഷോട്ടുകള്‍ ഗോളിലേക്ക് പായിച്ചു. ഡാളസ് സ്റ്റേഡിയത്തില്‍ മുപ്പത്തിരണ്ടായിരത്തിലേറെ പേര്‍ കളി കാണാനെത്തി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ആറിന് മെസ്സിയുടെ ഇരട്ട ഗോളില്‍ ഡാളസിനെതിരായ മത്സരത്തില്‍ മയാമി തിരിച്ചുവരികയും വിജയം കാണുകയും ചെയ്തിരുന്നു.
മൂന്നാം മിനിറ്റില്‍ തന്നെ ജീസസ് ഫെരേരയിലൂടെ ഡാളസ് എതിരാളികളെ ഞെട്ടിച്ചു. തുടര്‍ന്നങ്ങോട്ട് ഇന്റര്‍ മയാമി കളി നിയന്ത്രിക്കുകയും എട്ട് ഷോട്ടുകള്‍ പായിക്കുകയും ചെയ്‌തെങ്കിലും സ്‌കോര്‍ ചെയ്യാനായില്ല. മെസ്സിയുടെ മൂന്ന് ഷോട്ടുകള്‍ ഗോളി മൈക്കിള്‍ കൊളോഡി ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. ലൂയിസ് സോറസും രണ്ട് ഷോട്ടുകള്‍ പായിച്ചു.