ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് എ-യിലെ അവസാന റൗണ്ട് മത്സരങ്ങള്‍ നാടകീയമായി അവസാനിച്ചു. ഖത്തറിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റെങ്കിലും ചൈന പ്രി ക്വാര്‍ട്ടറിലെത്തുമെന്നാണ് പ്രതീക്ഷിച്ചത്. താജിക്കിസ്ഥാന്‍-ലെബനോന്‍ മത്സരം അവസാന നിമിഷം വരെ 1-1 സമനിലയായതോടെ ഖത്തറിന് ഒമ്പത് പോയന്റും ചൈനക്കും ലെബനോനും താജിക്കിസ്ഥാന് രണ്ട് പോയന്റും എന്ന നിലയിലായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ലെബനോന്‍ പത്തു പേരായിച്ചുരുങ്ങുകയും താജിക്കിസ്ഥാന്‍ വിജയ ഗോളടിക്കുകയും ചെയ്തു (2-1). നാല് പോയന്റുമായി താജിക്കിസ്ഥാന്‍ അതോടെ പ്രി ക്വാര്‍ട്ടറിലെത്തി. രണ്ട് പോയന്റുള്ള ചൈനയുടെ പ്രി ക്വാര്‍ട്ടര്‍ സാധ്യത തുലാസിലായി. ഒരു പോയന്റുമായി ലെബനോന്‍ പുറത്തായി. ആദ്യ രണ്ടു കളികളിലും ചൈന സമനില വഴങ്ങിയിരുന്നു. ഖത്തര്‍ ഗ്രൂപ്പിലെ മൂന്ന് കളികളും ജയിച്ചു. ചൈനക്കെതിരെ 66ാം മിനിറ്റില്‍ ഹസന്‍ അല്‍ഹൈദോസാണ് ഗോളടിച്ചത്. താജിക്കിസ്ഥാനെതിരെ 48ാം മിനിറ്റില്‍ ലെബനോന്‍ മുന്നിലെത്തി. ബാസില്‍ സഖരിയയാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ തൊട്ടുപിന്നാലെ കാസിം അല്‍ സയ്ന്‍ ചുവപ്പ് കാര്‍ഡ് കണ്ടത് അവരുടെ പ്രതീക്ഷകള്‍ തകര്‍ത്തു. 81ാം മിനിറ്റില്‍ പര്‍വിഷോണ്‍ ഉമര്‍ബയേവ് ഗോള്‍ മടക്കി. ഇഞ്ചുറി ടൈമില്‍ നൂറുദ്ദീന്‍ ഖംറോകുലോവ് വിജയ ഗോള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. ആദ്യമായാണ് താജിക്കിസ്ഥാന്‍ ഏഷ്യന്‍ കപ്പിന്റെ പ്രി ക്വാര്‍ട്ടറിലെത്തുന്നത്.