ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് സി-യിലെ നിര്‍ണായ പോരാട്ടത്തില്‍ ഫലസ്തീന്‍ നാള ഹോങ്കോംഗുമായി ഏറ്റുമുട്ടും. ഹോങ്കോംഗിനെ തോല്‍പിച്ചാല്‍ ആദ്യമായി ഫലസ്തീന് ഏഷ്യന്‍ കപ്പിന്റെ നോക്കൗട്ടിലെത്താം. മൂന്നാം തവണ ഏഷ്യന്‍ കപ്പ് കളിക്കുന്ന ഫലസ്തീന്‍ ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ല. ഏഷ്യന്‍ കപ്പില്‍ ഏറ്റവുമധികം മത്സരം കളിച്ചിട്ടും വിജയമില്ലാത്ത ടീം ഹോങ്കോംഗാണ് -12. ഫലസ്തീന്‍ തൊട്ടുപിന്നിലുണ്ട് -8. എന്നാല്‍ രണ്ട് ടീമുകള്‍ക്കും നോക്കൗട്ടിലെത്താന്‍ നാളത്തെ ജയം മതി. ഗ്രൂപ്പ് സി-യില്‍ നിന്ന് ഇറാനൊപ്പം യു.എ.ഇയും പ്രി ക്വാര്‍ട്ടറിലെത്തുമെന്നുറപ്പാണ്.
യു.എ.ഇക്കെതിരായ ആവേശകരമായ മത്സരത്തില്‍ 1-1 സമനില നേടിയ സന്തോഷത്തിലാണ് ഫലസ്തീന്‍. ഫലസ്തീന്‍ ജനത സന്തോഷം അര്‍ഹിക്കുന്നുവെന്ന് കോച്ച് മക്‌റം ദബൂബ് പറഞ്ഞു. കളിക്കളത്തിനും പുറത്തുള്ള കാര്യങ്ങള്‍ ഫലസ്തീന് പ്രചോദനം പകരുമെന്നറിയാമെന്ന് ഹോങ്കോംഗ് കോച്ച് ജോണ്‍ ആന്‍ഡേഴ്‌സന്‍ പറഞ്ഞു.
ഗൂപ്പ് ബി-യില്‍ നിന്ന് ഓസ്‌ട്രേലിയ പ്രി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. നാളെ രണ്ടാമത്തെ കളിയില്‍ ഓസ്‌ട്രേലിയയോട് തോറ്റാലും ഉസ്‌ബെക്കിസ്ഥാനും നോക്കൗട്ട് ഏതാണ്ടുറപ്പാണ്.
ഇന്ത്യ ആദ്യ രണ്ട് കളികളും തോറ്റു -ഓസ്‌ട്രേലിയയോട് 0-2 നും ഉസ്‌ബെക്കിസ്ഥാനോട് 0-3 നും. സിറിയയുടെ നില അല്‍പം മെച്ചമാണ് -ഉസ്‌ബെക്കിസ്ഥാനെതിരെ ഗോള്‍രഹിത സമനില നേടിയ അവര്‍ ഓസ്‌ട്രേലിയയോട് 0-1 ന് തോറ്റു. രണ്ട് ടീമുകള്‍ക്കും പ്രി ക്വാര്‍ട്ടര്‍ പ്രതീക്ഷ ബാക്കിയുണ്ട്.