ഇന്ത്യ x സിറിയ
ദോഹ, നാളെ ഉച്ച 2.30
ദോഹ - ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ വലിയ പ്രതീക്ഷയോടെ എത്തിയ ഇന്ത്യന്‍ ടീം നില്‍ക്കണോ പോവണോ? നാളെ സിറിയയുമായുള്ള മത്സരം അത് നിശ്ചയിക്കും. ഇന്ത്യ ആദ്യ രണ്ട് കളികളും തോറ്റു -ഓസ്ട്രേലിയയോട് 0-2 നും ഉസ്ബെക്കിസ്ഥാനോട് 0-3 നും. സിറിയയുടെ നില അല്പം മെച്ചമാണ് -ഉസ്ബെക്കിസ്ഥാനെതിരെ ഗോള്‍രഹിത സമനില നേടിയ അവര്‍ ഓസ്ട്രേലിയയോട് 0-1 ന് തോറ്റു. രണ്ട് ടീമുകള്‍ക്കും പ്രി ക്വാര്‍ട്ടര്‍ പ്രതീക്ഷ ബാക്കിയുണ്ട്. ഗ്രൂപ്പ് ബി-യില്‍ നിന്ന് ഓസ്ട്രേലിയ പ്രി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. നാളെ രണ്ടാമത്തെ കളിയില്‍ ഓസ്ട്രേലിയയോട് തോറ്റാലും ഉസ്ബെക്കിസ്ഥാനും നോക്കൗട്ട് ഏതാണ്ടുറപ്പാണ്. ആറ് ഗ്രൂപ്പുകളില്‍ നാലിലെയും മൂന്നാം സ്ഥാനക്കാരും പ്രി ക്വാര്ട്ടറിലെത്തുമെന്നിരിക്കെ ഇന്ത്യക്കും സിറിയക്കും ഇന്ന് ജയം അനിവാര്യമാണ്.
വളരെ കുറച്ച് കളിക്കാരുമായാണ് സിറിയ എത്തിയിരിക്കുന്നത്. റിസര്‍വ് ബെഞ്ചില്‍ കുറച്ച് കളിക്കാരേയുള്ളൂ. അതിനാല്‍ അന്തിമ നിമിഷങ്ങളില്‍ മികച്ച പകരക്കാരെ ഇറക്കാന്‍ അവര്‍ പ്രയാസപ്പെടുമെന്നും ആ ഘട്ടം മുതലാക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക് പറയുന്നു. അവസാന അര മണിക്കൂറില്‍ പകരക്കാരെ ഇറക്കി കളി പിടിക്കാമെന്നാണ് കോച്ച് കരുതുന്നത്. സഹല്‍ അബ്ദുല്‍സമദും ഫിറ്റ്നസ് നേടിയതോടെ ഇന്ത്യ പൂര്‍ണ കരുത്തിലാണ്.
ഗോളടിക്കാനാവാത്തതാണ് ഇന്ത്യയുടെ പ്രധാന പ്രശ്നം. ഇപ്പോഴത്തെ കളിക്കാരില്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്കും ലിയണല്‍ മെസ്സിക്കും പിന്നില്‍ 93 ഗോളുമായി മൂന്നാം സ്ഥാനത്തുള്ള സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ ആക്രമണം നയിക്കുന്നത്.
ഏഷ്യന്‍ കപ്പിന്റെ പ്രി ക്വാര്‍ട്ടറിലെത്തുന്നത് പോരാട്ടങ്ങളില്‍ തളര്‍ന്ന സിറിയക്ക് ആശ്വാസം കൊണ്ടുവരുമെന്നാണ് അര്‍ജന്റീനക്കാരനായ കോച്ച് ഹെക്ടര്‍ കൂപ്പര്‍ പറയുന്നത്. എന്നാല്‍ അമിത പ്രതീക്ഷ കളിക്കാരില്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് അദ്ദേഹം ഭയക്കുന്നു.