പാരിസ് - അടുത്ത ഒളിംപിക്‌സ് മാമാങ്കത്തിന് പാരിസില്‍ തിരശ്ശീല ഉയരാന്‍ ഇനി ആറു മാസം മാത്രം. ജൂലൈ 26 നാണ് ഉദ്ഘാടനച്ചടങ്ങ്. ഓഗസ്റ്റ് 11 വരെ ഒളിംപിക്‌സ് നീണ്ടുനില്‍ക്കും. സെന്‍ നദിയിലൂടെയുള്ള ടീം പരേഡായിരിക്കും ഉദ്ഘാടനച്ചടങ്ങിനെ ശ്രദ്ധേയമാക്കുക. 900 കോടി യൂറോയാണ് ഒളിംപിക്‌സിന് ചെലവ് പ്രതീക്ഷിക്കുന്നത്. 100 കോടി പേര്‍ ഒളിംപിക്‌സ് വീക്ഷിക്കുമെന്നാണ് കരുതുന്നത്. പാരിസ് ഒളിംപിക്‌സ് കണക്കുകളിലൂടെ
10,500 അത്‌ലറ്റുകള്‍ പങ്കെടുക്കും. അധികവും സെയ്ന്റ് ഡെനിസിന്റെ പ്രാന്തപ്രദേശത്തുള്ള ഒളിംപിക് ഗ്രാമത്തിലായിരിക്കും താമസിക്കുക.
329 മെഡല്‍ ഇനങ്ങള്‍. 32 കായിക വിഭാഗങ്ങള്‍. സര്‍ഫിംഗ്, സ്‌പോര്‍ട്‌സ് ക്ലൈംബിംഗ്, ബ്രെയ്ക്ക്ഡാന്‍സ്, സ്‌കെയ്റ്റ്‌ബോര്‍ഡിംഗ് പുതിയ ഇനങ്ങള്‍. സര്‍ഫിംഗ് ഏറെ അകലെയുള്ള താഹിതിയിലാണ് നടത്തുക.
203 രാജ്യങ്ങള്‍. ഇതില്‍ അഭയാര്‍ഥി ടീമുമുണ്ടാവും. റഷ്യയുടെയും ബെലാറൂസിന്റെയും കളിക്കാര്‍ സ്വതന്ത്ര അത്‌ലറ്റുകളായി പങ്കെടുക്കും.
900 കോടി യൂറോയാണ് ബജറ്റ്. ഗെയിംസ് കഴിഞ്ഞാലേ പൂര്‍ണ കണക്ക് ലഭ്യമാവൂ. 300 കോടി യൂറോ പൊതുഖജനാവില്‍ നിന്നായിരിക്കും.
1.5 കോടി പേര്‍ ഒളിംപിക്‌സും പാരാലിംപിക്‌സും കാണാനെത്തും.
ഒരു ലക്ഷം പേര്‍ സെന്‍ നദിയിലൂടെയുള്ള പരേഡ് കാണാന്‍ നദിക്കരയിലെ സീറ്റുകള്‍ക്ക് ടിക്കറ്റെടുക്കും. അവര്‍ക്ക് പിന്നിലുള്ള കാണികള്‍ എത്രയെന്ന് തീരുമാനിച്ചിട്ടില്ല.
76 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ഒരു കോടിയാണ് ലഭ്യമായ ടിക്കറ്റുകള്‍.
100 കോടി പേര്‍ ടി.വിയിലൂടെ ഉദ്ഘാടനച്ചടങ്ങ് വീക്ഷിക്കും.
30,000 പോലീസുകാര്‍ സുരക്ഷക്കായി ഉണ്ടാവും. 22,000 പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കും.
30,000 വളണ്ടിയര്‍മാര്‍ സേവനസന്നദ്ധരായി ഉണ്ടാവും.
6000 ഉത്തേജക പരിശോധനകള്‍ നടക്കും
1.3 കോടി ഉച്ച ഭക്ഷണ, പലഹാര പാക്കറ്റുകള്‍ തയാറാക്കും. അതില്‍ 80 ശതമാനം ഫ്രാന്‍സില്‍ നിര്‍മിക്കുന്നതായിരിക്കും. 30 ലക്ഷം പഴം മെനുവിലുണ്ട്.
2.30 യൂറോ എന്ന പാരിസ് മെട്രോയുടെ ടിക്കറ്റ് നിരക്ക് ഒളിംപിക്‌സ് കാലത്ത് നാല് യൂറോ ആയി ഉയര്‍ത്തും.