മെല്‍ബണ്‍ - ലോകകപ്പിലെ ഓസ്‌ട്രേലിയന്‍ ഹീറോ ഗ്ലെന്‍ മാക്‌സ്‌വെല്‍ അഡ്‌ലയ്ഡിലെ ഒരു പരിപാടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് ആശുപത്രിയിലായെന്ന സംഭവത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷണം തുടങ്ങി. മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ബ്രെറ്റ് ലീയുടെ സിക്‌സ് ആന്റ് ഔട് ബാന്റിന്റെ പരിപാടി കണ്ടു കൊണ്ടിരിക്കെയാണ് മാക്‌സ്‌വെലിന് അപകടമുണ്ടായത്. മറ്റാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കരുതുന്നത്. ആംബുലന്‍സ് വിളിച്ച് ക്രിക്കറ്ററെ ഉടനെ ആശുപത്രിയിലെത്തിച്ചു. മണിക്കൂറുകള്‍ ആശുപത്രിയില്‍ ചെലവഴിച്ചു. സെലിബ്രിറ്റി ഗോള്‍ഫില്‍ പങ്കെടുക്കാനായാണ് മാക്‌സ്‌വെല്‍ അഡലയ്ഡില്‍ എത്തിയത്.
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള ടീമില്‍ നിന്ന് മാക്‌സ്‌വെലിനെ ഒഴിവാക്കിയിട്ടുണ്ട്. അഡലയ്ഡിലെ സംഭവമല്ല ഇതിനു കാരണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശദീകരിച്ചു. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിശദീകരണം ഉണ്ടാവില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു. കഴിഞ്ഞയാഴ്ച ബിഗ് ബാഷ് ലീഗില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം മാക്‌സ്‌വെല്‍ ഒഴിഞ്ഞിരുന്നു.